തമാങ്, ഹിമാലയത്തിന്റെ മടിത്തട്ടിലെ ജനകീയൻ
text_fieldsഗാങ്ടോക്ക്: അധ്യാപക ജോലി രാജിവെച്ച് പൊതുപ്രവർത്തനത്തിനിറങ്ങിയ പ്രേം സിങ് തമാങ് സിക്കിമിൽ എഴുതിയത് പുതുചരിതം. 15 വർഷം സിക്കിം ഡമോക്രാറ്റിക് ഫ്രന്റിന്റെ (എസ്.ഡി.എഫ്) നേതാവായിരുന്നു പി.എസ്. ഗൊലായ് എന്ന പ്രേം സിങ്. മുഖ്യമന്ത്രിയായിരുന്ന പി.കെ. ചാംലിങ്ങിനോട് തെറ്റിയാണ് തമാങ് 2013ൽ സിക്കിം ക്രാന്തികാരി മോർച്ച (എസ്.കെ.എം) രൂപവത്കരിച്ചത്. 2009ൽതന്നെ ഇദ്ദേഹം എസ്.ഡി.എഫ് വിട്ടിരുന്നു. പതിയെ ജനഹൃദയങ്ങളിൽ ഇടംനേടിയ തമാങ് 2019ൽ 17 സീറ്റാണ് നേടിയത്. ഇത്തവണ വൻ കുതിപ്പുമായാണ് ഭരണം നിലനിർത്തിയത്. മിടുക്കനായ സംഘാടകനും ഭരണാധികാരിയുമായാണ് 56കാരനായ തമാങ്ങിനെ വിലയിരുത്തുന്നത്. വ്യക്തിപരമായ മികവിന് പുറമേ, വികസന പ്രവർത്തനങ്ങളും തമാങ്ങിന് രണ്ടാമൂഴം നേടാൻ തുണയായി. അഴിമതിക്കേസിൽ ഒരുവർഷം ജയിലിൽ കിടന്ന തമാങ്, 2017ൽ ക്രാന്തി മോർച്ചക്ക് മൂർച്ച കൂട്ടുകയായിരുന്നു. രണ്ട് വർഷത്തിനുശേഷം ചാംലിങ്ങിനെ അധികാരത്തിൽനിന്ന് പുറത്താക്കാനും കഴിഞ്ഞു. ചാംലിങ്ങിന്റെ എസ്.ഡി.എഫിലെ പത്ത് എം.എൽ.എമാർ ബി.ജെ.പിയിലേക്ക് ചേക്കേറിയതോടെ തമാങ്ങിന് ഹിമാലയത്തിന്റെ മടിത്തട്ടിലെ സംസ്ഥാനമായ സിക്കിമിൽ കരുത്തരായ എതിരാളികളില്ലാതായി. 2019ലെ തെരഞ്ഞെടുപ്പിന് ശേഷം ക്രാന്തി മോർച്ച എൻ.ഡി.എയിൽ ചേർന്നു. സ്ത്രീകൾക്കും ദുർബലവിഭാഗങ്ങൾക്കും വേണ്ടി നടപ്പാക്കിയ ക്ഷേമപദ്ധതികൾ ജനശ്രദ്ധ നേടി. വീണ്ടും അധികാരത്തിലെത്താൻ ഇത്തരം ക്ഷേമപ്രവർത്തനങ്ങളും തുണയായി. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കം കാരണം ബി.ജെ.പിയുമായി ഇത്തവണ സഖ്യമില്ലായിരുന്നു. കേന്ദ്രത്തിൽ വീണ്ടും ബി.ജെ.പി അധികാരത്തിലെത്തിയാൽ സഖ്യം വീണ്ടുമുണ്ടായേക്കാം.
1968 ഫെബ്രുവരി 5 ന് കാലു സിങ് തമാങ്ങിന്റെയും ധൻ മായ തമാങ്ങിന്റെയും മകനായി ജനിച്ച പ്രേം സിങ്, ഡാർജിലിങ്ങിലെ ഒരു കോളജിൽനിന്ന് ബിരുദം നേടി. 1990 ൽ സർക്കാർ സ്കൂളിൽ അധ്യാപകനായി. മൂന്ന് വർഷത്തിനുശേഷം ജോലി ഉപേക്ഷിച്ച് സിക്കിം ക്രാന്തി മോർച്ചയുടെ സഹസ്ഥാപകനായി. 15 വർഷത്തോളം അദ്ദേഹം മന്ത്രിയായിരുന്നു. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അയോഗ്യനായ ചരിത്രവും തമാങ്ങിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.