വീട്ടമ്മമാരുടെ ഫോണുകളും ചോർത്തി പെഗസസ്; രാഷ്ട്രീയ നേതാക്കളുടെ സുഹൃത്തുക്കളായ സ്ത്രീകളും പട്ടികയിൽ
text_fieldsമുംബൈ: ഇസ്രായേൽ കമ്പനിയുടെ ചാരസോഫ്റ്റ്വെയർ പെഗസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയവരുടെ കൂട്ടത്തിൽ വീട്ടമ്മമാരും. ഇന്ത്യയിൽ നിന്ന് 60ലേറെ സ്ത്രീകളുടെ ഫോൺ നമ്പറാണ് ചാരസോഫ്റ്റ്വെയർ ചോർത്തിയ പട്ടികയിലുള്ളത്.
വീട്ടമ്മമാർ, അഭിഭാഷകർ, അധ്യാപകർ, പത്രപ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ സ്ത്രീകളുടെ ഫോണിൽ പെഗസസ് കടന്നുകയറിയിട്ടുണ്ട്. രാഷ്ട്രീയക്കാരുടെ സുഹൃത്തുക്കളായ സ്ത്രീകളുടെ ഫോണുകളും പെഗസസ് ചോർത്തിയവരുടെ പട്ടികയിൽ ഉൾപ്പെടുന്നതായി പെഗസസ് പ്രൊജക്ടിൽ ഇന്ത്യയിൽ നിന്ന് പങ്കാളികളായ 'ദ വയർ' റിപ്പോർട്ട് ചെയ്യുന്നു.
പത്രപ്രവർത്തകർ ഉൾപ്പെടെ ഏതാനും സ്ത്രീകളുടെ പേരുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, ബാക്കിയുള്ള സ്ത്രീകളുടെ വിവരങ്ങൾ സ്വകാര്യത മാനിച്ച് പുറത്തുവിട്ടിട്ടില്ല. 48കാരിയായ മൃണാൾ ഗാഡ്ലിങ്ങ് എന്ന വീട്ടമ്മയുടെ പേരാണ് പട്ടികയിലുള്ളതിലൊന്ന്. നാഗ്പൂരിലെ പ്രമുഖ അഭിഭാഷകനും 2018ൽ ഭീമ കൊറേഗാവ് കേസിൽ കുറ്റംചുമത്തപ്പെട്ടയാളുമായ സുരേന്ദ്ര ഗാഡ്ലിങ്ങിന്‍റെ ഭാര്യയാണ് ഇവർ. ആദിവാസി അവകാശ പ്രവർത്തക സോണി സോറിയുടെ ഫോൺ നമ്പറും പട്ടികയിലുണ്ട്.
സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച സുപ്രീംകോടതി മുൻ ജീവനക്കാരിയായ യുവതിയുടെ കുടുംബാംഗങ്ങളായ 11 പേരുടെ ഫോൺ നമ്പറാണ് പെഗസസ് ചോർത്തിയവരുടെ പട്ടികയിലുള്ളത്.
ലോകവ്യാപകമായി 50,000ത്തോളം പേരുടെ ഫോൺ പെഗസസ് ചാരസോഫ്റ്റ്വെയർ ഉപയോഗിച്ച് ചോർത്തിയെന്നാണ് ഫ്രഞ്ച് സന്നദ്ധ സംഘടനയായ ഫോർബിഡൻ സ്റ്റോറീസ്, ആംനസ്റ്റി ഇന്‍റർനാഷനൽ എന്നിവയും 17 മാധ്യമസ്ഥാപനങ്ങളും ചേർന്ന് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. രാജ്യഭരണാധികാരികൾ ഉൾപ്പെടെ ചോർത്തലിന് ഇരയായിട്ടുണ്ട്. ഇന്ത്യയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖരുടെ ഫോൺ ചോർത്തിയ വിവരം വൻ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, മുൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർ അശോക് ലവാസ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും തൃണമൂൽ നേതാവുമായ അഭിഷേക് ബാനർജി, നിലവിൽ മോദി മന്ത്രിസഭയിൽ മന്ത്രിമാരായ അശ്വനി ൈവഷ്ണവ്, പ്രഹ്ളാദ് പേട്ടൽ തുടങ്ങിയവരാണ് ചോർത്തലിനിരയായവരുടെ പട്ടികയിലുള്ളത്.
അതേസമയം, പെഗസസിനെയും അതിെൻറ ചാരപ്രവർത്തനങ്ങളെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിർമാതാക്കളായ ഇസ്രായേൽ കമ്പനി എൻ.എസ്.ഒ ഗ്രൂപ്പ്. പെഗസസ് പോലുള്ള സോഫ്റ്റ്വെയറുകൾ കാരണമാണ് തെരുവുകൾ സുരക്ഷിതമായിരിക്കുന്നതെന്നും ലോകമെമ്പാടുമുള്ള കോടിക്കണക്കിനാളുകൾ രാത്രികാലങ്ങളിൽ സമാധാനമായി കിടന്നുറങ്ങുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൻ മാക്രോണിെൻറയടക്കം ഫോണുകൾ ചോർത്തിയെന്ന ആരോപണമുയരുന്ന പശ്ചാത്തലത്തിലാണ് വിചിത്രമായ വിശദീകരണവുമായി എൻ.എസ്.ഒ ഗ്രൂപ്പ് രംഗത്തെത്തുന്നത്.
'ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ രാത്രികളിൽ സുഖമായി കിടന്നുറങ്ങുന്നു, സുരക്ഷിതരായി തെരുവുകളിലൂടെ നടക്കുന്നു, പെഗസസിനും അതുപോലുള്ള മറ്റ് സാങ്കേതികവിദ്യകള്‍ക്കും നന്ദി പറയുന്നു, ലോകമെമ്പാടുമുള്ള രഹസ്യാന്വേഷണ ഏജന്‍സികളെയും നിയമ നിര്‍വ്വഹണ ഏജന്‍സികളെയും എൻഡ്-ടു-എൻഡ് എൻക്രിപ്ഷനുള്ള ആപ്പുകളുടെ തണലിൽ ഒളിച്ചിരിക്കുന്ന കുറ്റകൃത്യങ്ങള്‍, തീവ്രവാദം, പീഡോഫീലിയ തുടങ്ങിയവ അന്വേഷിക്കുന്നതിനും തടയുന്നതിനും ഇത്തരം സോഫ്റ്റ്വെയറുകൾ സഹായിക്കുന്നു...'' - എന്‍.എസ്.ഒ വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.