രാജ്യത്തിന് നഷ്ടമായത് ധീരനായ മകനെയെന്ന് രാഷ്ട്രപതി; സൈന്യത്തെ ആധുനികവത്കരിച്ചയാളെന്ന് പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്‍റെ മരണത്തിൽ ആദരാഞ്ജലിയർപ്പിച്ച് രാജ്യം. ധീരപുത്രരിൽ ഒരാളെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു. സൈന്യത്തെ ആധുനികവത്കരിച്ച ദേശാഭിമാനിയാണ് റാവത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു.
'ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യ മധുലികയുടെയും നിര്യാണം അങ്ങേയറ്റം ഞെട്ടലുണ്ടാക്കുന്നു. രാജ്യത്തിന് അതിന്‍റെ ധീരപുത്രരിൽ ഒരാളെയാണ് നഷ്ടമായത്. നാല് പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്‍റെ രാഷ്ട്രസേവനം അതുല്യമായിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിന് എന്‍റെ അനുശോചനം' -രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
'മികച്ച സൈനികനായിരുന്നു ജനറൽ ബിപിൻ റാവത്ത്. പ്രതിരോധ സേനയുടെ നവീകരണവും ആധുനികവത്കരണവും ഉൾപ്പെടെ നിരവധി കാര്യങ്ങളിൽ അദ്ദേഹത്തിന്‍റെ സംഭാവനകളുണ്ടായി. അദ്ദേഹത്തിന്‍റെ സേവനങ്ങൾ രഷ്ട്രം എന്നും ഓർക്കും' -പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ തുടങ്ങി നിരവധി പ്രമുഖർ സംയുക്ത സൈനിക മേധാവിയുടെ മരണത്തിൽ അനുശോചനവും ദുഖവും രേഖപ്പെടുത്തി.
അത്യന്തം വേദനാജനകമാണ് അപകടവാർത്തയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തിന്‍റെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടമാണ് ഈ അപകടത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ജനറൽ റാവത്തിന്‍റെയും ഒപ്പം ജീവൻ പൊലിഞ്ഞവരുടെയും കുടുംബാംഗങ്ങളെയും പ്രതിരോധ സേനാംഗങ്ങളെ ആകെയും അനുശോചനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.