ഡി.വൈ ചന്ദ്രചൂഡ് അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; ശിപാർശക്ക് രാഷ്ട്രപതിയുടെ അംഗീകാരം
text_fieldsന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്കുള്ള ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ ശിപാർശ ചെയ്ത തീരുമാനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം. നവംബർ 9 മുതൽ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിയമനം പ്രാബല്യത്തിൽ വരും. കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവാണ് ഈ വിവരം ട്വീറ്റ് ചെയ്തത്.
ഇന്ത്യയുടെ 50-മത് ചീഫ് ജസ്റ്റിസ് ആണ് ഡോ. ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഡ് എന്ന ഡി.വൈ ചന്ദ്രചൂഡ്. ചീഫ് ജസ്റ്റിസ് പദവിയിൽ രണ്ട് വർഷത്തെ കാലാവധിയുള്ള അദ്ദേഹം 2024 നവംബർ 10ന് വിരമിക്കും. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ.വി. ചന്ദ്രചൂഡിന്‍റെ മകനാണ് ഡി.വൈ. ചന്ദ്രചൂഡ്.
നിലവിലെ ചീഫ് ജസ്റ്റിസ് യു.യു. ലളിത് നവംബർ എട്ടിനാണ് പദവിയിൽ നിന്ന് വിരമിക്കുന്നത്. ജസ്റ്റിസ് ചന്ദ്രചൂഡിനെ ചീഫ് ജസ്റ്റിസായി നിയമിക്കാൻ കഴിഞ്ഞ ദിവസം ശിപാർശ നിലവിലെ ചീഫ് ജസ്റ്റിസ് യു.യു. ലളിത് കേന്ദ്ര നിയമ മന്ത്രാലയത്തിന് ശിപാർശ ചെയ്തിരുന്നു.
1998ൽ കേന്ദ്ര സർക്കാറിന്‍റെ അഡീഷണൽ സോളിസിറ്റർ ജനറലായി സേവനമനുഷ്ഠിച്ച ജസ്റ്റിസ് ചന്ദ്രചൂഡ് 2000 മാർച്ച് 29ന് ബോംബെ ഹൈകോടതി അഡീഷണൽ ജഡ്ജിയായി ചുമതലയേറ്റു. 2013ൽ അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസായി. 2016 മെയ് 13ന് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി.
സ്വകാര്യത പൗരന്റെ മൗലികാവകാശം ആണെന്ന ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധിയെഴുതിയത് ജസ്റ്റിസ് ചന്ദ്രചൂഡ് ആയിരുന്നു. അയോധ്യയിലെ തർക്കഭൂമി കേസ്, ശബരിമല യുവതി പ്രവേശനം തുടങ്ങിയ കേസുകളിൽ സുപ്രധാനമായ വിധികൾ പുറപ്പടുവിച്ച ഭരണഘടനാ ബെഞ്ചിൽ അംഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.