പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ നീതി ഉറപ്പ് വരുത്തുന്നത് ഭരണഘടനയെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു
text_fieldsന്യൂഡല്‍ഹി: പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ നീതി ഉറപ്പ് വരുത്തുന്നത് ഭരണഘടനയെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഭരണഘടന രൂപം കൊണ്ട പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ കോണ്‍സ്റ്റിറ്റ്യുവന്റ് ഹാളില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.
ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർത്തത്. ‘രാജ്യത്തിന്റെ പവിത്രമായ ഗ്രന്ഥമാണ് ഭരണഘടന. സാമൂഹിക രാഷ്ട്രീയ മേഖലകളുടെ ആധാര ശിലയാണ് ഭരണഘടനയെന്നും രാഷ്ട്രപതി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75ആം വാര്‍ഷികത്തില്‍ നമ്മള്‍ ആസാദി കാ അമൃത് മഹോത്സവ് ആഘോഷിച്ചു. ഇപ്പോള്‍ ഭരണഘടനയുടെ 75ാം വാര്‍ഷികവും ആഘോഷിക്കുന്നു.
രാജ്യം നടത്തിയ മുന്നേറ്റങ്ങള്‍ക്ക് പിന്നില്‍ ഭരണഘടനയാണ്. ഇന്ത്യയെ ലോക ശ്രദ്ധയിലേക്ക് എത്തിക്കാന്‍ ഭരണഘടന ശില്‍പ്പികള്‍ ദീര്‍ഘവീക്ഷണം പുലര്‍ത്തി. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ നീതി ഭരണഘടന ഉറപ്പ് വരുത്തുന്നു. ഭരണഘടനാ മൂല്യങ്ങള്‍ ഓരോ പൗരനും ഉയര്‍ത്തിപ്പിടിക്കണ’മെന്നും രാഷ്ട്രപതി പറഞ്ഞു.
ഭരണഘടനയുടെ ആമുഖം രാഷ്ട്രപതി പാര്‍ലമെന്റംഗങ്ങള്‍ക്ക് വായിച്ചു കൊടുത്തു. പാര്‍ലമെന്റംഗങ്ങള്‍ വാചകങ്ങള്‍ ഏറ്റുചൊല്ലി. ഇന്ത്യൻ ഭരണഘടനയുടെ 75ാം വാര്‍ഷികത്തിന്‍റെ സ്മാരകമായി നാണയവും സ്റ്റാമ്പും രാഷ്ട്രപതി പുറത്തിറക്കി. 75 രൂപയുടെ നാണയമാണ് പുറത്തിറക്കിയത്. സ്റ്റാംപിൽ അശോകസ്തംഭത്തിന്റെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിനിത് അഭിമാന നിമിഷമാണെന്ന് ലോക്സഭ സ്പീക്കര്‍ ഓം ബിർല പറഞ്ഞു.
ഭരണഘടന നൽകുന്ന സുരക്ഷിതത്വം താഴേതട്ടിൽ വരെ ഉറപ്പ് വരുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, ജെ.പി നദ്ദ, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.