ഗംഭീരം സുഖോയ്...;യുദ്ധവിമാനത്തിലെ പ്രഥമ പറക്കൽ അവിസ്മരണീയമാക്കി രാഷ്ട്രപതി
text_fieldsതേസ്പുർ: വൈമാനികയുടെ ശരീരഭാഷയോടെയും ആത്മവിശ്വാസത്തോടെയും വ്യോമസേനയുടെ യൂനിഫോമിൽ ലാഡർ കയറിയെത്തി, എല്ലാവരെയും അഭിവാദ്യംചെയ്ത് സർവസൈന്യാധിപ ദ്രൗപദി മുർമു സുഖോയ്-30 എം.കെ.ഐയുടെ കോക്പിറ്റിൽ കയറിയിരുന്നു. ഹെൽമറ്റ് അണിയാനും മറ്റ് സാങ്കേതിക നടപടികൾ പൂർത്തിയാക്കാനും ഒരു വനിത ഉദ്യോഗസ്ഥ സഹായിച്ചു. ഒരുതവണകൂടി എല്ലാവർക്കും അഭിവാദ്യം നേർന്ന് വിമാനത്തിന്റെ കാനോപി അടച്ചു. ശനിയാഴ്ച അസമിലെ തേസ്പുർ വ്യോമതാവളത്തിൽനിന്ന് സമ്പൂർണ സൈനികവിഭാഗങ്ങളുടെ മേധാവി കൂടിയായ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സുഖോയ് യുദ്ധവിമാനത്തിലെ കന്നിപ്പറക്കൽ വ്യോമസേന ആഘോഷമാക്കുകയായിരുന്നു. ബ്രഹ്മപുത്ര താഴ്വരയിലൂടെ, ഹിമാലയവും കണ്ട് അര മണിക്കൂറോളമാണ് രാഷ്ട്രപതി പറന്നത്. ‘ഗംഭീരമായിരിക്കുന്നു’ എന്നായിരുന്നു യാത്ര അവസാനിപ്പിച്ചെത്തിയ രാഷ്ട്രപതി മാധ്യമങ്ങളോട് പ്രതികരിച്ചത്. ശനിയാഴ്ച തേസ്പുർ താവളത്തിലെ വ്യോമസേനാംഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷമായിരുന്നു മുർമുവിന്റെ പറക്കൽ.
എ.പി.ജെ. അബ്ദുൽ കലാമിനും പ്രതിഭ പാട്ടീലിനും ശേഷം യുദ്ധവിമാനത്തിൽ പറക്കുന്ന മൂന്നാമത്തെ രാഷ്ട്രപതിയാണ് മുർമു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.