രാഷ്ട്രപതി തെരഞ്ഞെടുപ്പ്: േകരളത്തിൽ വോട്ട് ചെയ്യുന്നത് 138 എം.എൽ.എമാർ
text_fieldsതിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിന് നിയമസഭയിലും ഒരുക്കം പൂർത്തിയായി. നിയമസഭ മന്ദിരത്തിെൻറ രണ്ടാം നിലയിൽ 604ാം നമ്പർ മുറിയാണ് പോളിങ് ബൂത്തായി സജ്ജീകരിച്ചിരിക്കുന്നത്. 138 എം.എൽ.എമാരാണ് കേരളത്തിൽ വോട്ട് രേഖപ്പെടുത്തുന്നത്. പാറയ്ക്കൽ അബ്ദുല്ല എം.എൽ.എ തമിഴ്നാട്ടിലായതിനാൽ ചെന്നൈയിൽ വോട്ട് ചെയ്യും. ലോക്സഭ അംഗമായി തെരഞ്ഞെടുത്തതിനാൽ പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭാ അംഗത്വം രാജിവെച്ച വേങ്ങര സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.
നിയമസഭയിലെ നാമനിർദേശം ചെയ്യപ്പെട്ട ആംേഗ്ലാ ഇന്ത്യൻ പ്രതിനിധി ജോൺ ഫെർണാണ്ടസിന് വോട്ടവകാശമില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഒരു എം.എൽ.എയുടെ വോട്ടിനുള്ള മൂല്യം 152 ആണ്. പാർലമെൻറ് സമ്മേളനം നടക്കുന്നതിനാൽ കേരളത്തിൽനിന്നുള്ള എം.പിമാർ പാർലമെൻറിൽതന്നെയാണ് വോട്ട് രേഖപ്പെടുത്തുക.
രാവിലെ 10ന് തുടങ്ങുന്ന പോളിങ് വൈകീട്ട് അഞ്ചു വരെയാണ്. ബാലറ്റ് പേപ്പറിൽ രണ്ട് സ്ഥാനാർഥികൾക്കുള്ള മുൻഗണനാ വോട്ടാണ് രേഖപ്പെടുേത്തണ്ടത്. പോളിങ് പൂർത്തിയായ ശേഷം മുദ്രവെക്കുന്ന ബാലറ്റ് പെട്ടി കനത്ത സുരക്ഷയിൽ വിമാനത്താവളത്തിൽ എത്തിക്കും. വൈകീട്ട് 7.15നുള്ള എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിക്ക് കൊണ്ടുപോകും.
നിയമസഭ സെക്രട്ടറി ബാബു പ്രകാശും തെരഞ്ഞെടുപ്പിെൻറ ചുമതലയുള്ള മറ്റൊരു ഉദ്യോഗസ്ഥനുമായിരിക്കും ബാലറ്റ് പെട്ടിയുമായി ഡൽഹിക്ക് പോവുക. ബാലറ്റ് ബോക്സിന് വിമാനത്തിൽ പ്രത്യേകം സീറ്റ് റിസർവ് ചെയ്താണ് ഡൽഹിക്ക് കൊണ്ടുപോകുന്നത്.
ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാലിെൻറ വോട്ട് മാത്രമാണ് എൻ.ഡി.എ സ്ഥാനാർഥി രാംനാഥ് കോവിന്ദിന് കേരളത്തിൽനിന്ന് ഉറപ്പുള്ളത്. മറ്റുള്ളവരുടെയെല്ലാം വോട്ട് പ്രതിപക്ഷ സ്ഥാനാർഥി മീര കുമാറിന് ലഭിക്കുമെന്നാണ് കരുതുന്നത്.
എം.പിമാർക്ക് പച്ചയും എം.എൽ.എമാർക്ക് പിങ്കും നിറത്തിലുള്ള ബാലറ്റുകൾ
ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എം.പിമാർക്ക് പച്ചയും എം.എൽ.എമാർക്ക് പിങ്കും നിറത്തിലുള്ള ബാലറ്റ് പേപ്പറുകളാണുണ്ടാവുക. വോട്ട് രേഖപ്പെടുത്തുന്നതിനായി വോട്ടർമാർക്ക് വയലറ്റ് മഷിയിലുള്ള പേനകൾ നൽകും.
മറ്റേതെങ്കിലും മഷി കൊണ്ടുള്ള എന്തെങ്കിലും അടയാളങ്ങൾ ബാലറ്റ് പേപ്പറിൽ കാണുന്ന പക്ഷം േവാട്ട് അസാധുവാകും. ഡൽഹിയിൽ വോട്ട് ചെയ്യാനാഗ്രഹിക്കുന്ന എം.എൽ.എമാർ െതരഞ്ഞെടുപ്പ് കമീഷെൻറ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. ഗാന്ധിനഗർ എം.എൽ.എയും ബി.ജെ.പി അധ്യക്ഷനുമായ അമിത് ഷാ ഡൽഹിയിൽ വോട്ട് രേഖപ്പെടുത്താനാണ് സാധ്യത.
55 എം.പിമാർ നിയമസഭകളിൽ വോട്ട് രേഖപ്പെടുത്തും; ആറ് എം.എൽ.എമാർ പാർലമെൻറിൽ വോട്ടുചെയ്യും
ന്യൂഡൽഹി: തിങ്കളാഴ്ച നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യ, ഗോവ മുഖ്യമന്ത്രി മനോഹർ പരീകർ തുടങ്ങിയവർ ഉൾപ്പെടെ 55 എം.പിമാർ അവരുടെ സംസ്ഥാനങ്ങളിൽ വോട്ട് ചെയ്യും. മൂവരും എം.പി സ്ഥാനമൊഴിഞ്ഞിട്ടില്ല. ഇവർ ആറു മാസത്തിനുള്ളിൽ എം.എൽ.എമാരായി തെരഞ്ഞെടുക്കപ്പെട്ടാൽ മതി. പരീകർ രാജ്യസഭാംഗവും ആദിത്യനാഥും മൗര്യയും ലോക്സഭാംഗങ്ങളുമാണ്.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എം.എൽ.എമാർ സംസ്ഥാന നിയമസഭകളിലും എം.പിമാർ പാർലമെൻറിലുമാണ് വോട്ട് രേഖപ്പെടുത്തുക. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷന് അപേക്ഷ നൽകിയാൽ അവർക്ക് ഇഷ്ടമുള്ളിടത്ത് വോട്ടുചെയ്യാൻ അനുവദിക്കും. ആറ് എം.എൽ.എമാർ പാർലമെൻറിൽ വോട്ടുചെയ്യും. 14 രാജ്യസഭാംഗങ്ങളും 41 ലോക്സഭാംഗങ്ങളുമാണ് അവരുടെ സംസ്ഥാനങ്ങളിൽ വോട്ടു രേഖപ്പെടുത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.