കേസുകൾ കെട്ടിക്കിടക്കുന്നത് ജുഡീഷ്യറി നേരിടുന്ന വെല്ലുവിളി -രാഷ്ട്രപതി
text_fieldsന്യൂഡൽഹി: എല്ലാവർക്കും വേഗത്തിൽ നീതി ലഭ്യമാക്കാൻ ജുഡീഷ്യറി ശ്രമിക്കണമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. കേസുകൾ കെട്ടിക്കിടക്കുന്നതാണ് ജുഡീഷ്യറി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സമൂഹത്തിൽ സാധാരണക്കാരന് എളുപ്പത്തിൽ നീതി ലഭിക്കുന്ന ഇടമായി കോടതികൾ മാറണമെന്നും അവർ ആവശ്യപ്പെട്ടു.
ദ്വിദിന ജില്ല ജുഡീഷ്യറി ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. 75 വർഷത്തിനിടെ ജുഡീഷ്യറി രാജ്യത്തിന് നൽകിയ നിയമ സേവനത്തെ രാഷ്ട്രപതി പ്രത്യേകം പ്രശംസിച്ചു. രാജ്യത്തെ എല്ലാ ജഡ്ജിമാരെയും ദൈവമായിട്ടാണ് ജനം കാണുന്നത്. അതിനാൽ, ധർമം, സത്യം, നീതി തുടങ്ങിയ ധാർമിക ഉത്തരവാദിത്തങ്ങൾ കണിശമായി ജുഡീഷ്യറി പിന്തുടരണമെന്നും അവർ അഭ്യർഥിച്ചു.
പേടിയോ പക്ഷപാതമോ ഇല്ലാതെ നീതി നടപ്പാക്കുന്ന ഇടമായി കോടതികൾ മാറണമെന്ന് സമ്മേളനത്തിൽ സംസാരിച്ച സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ പറഞ്ഞു. വിചാരണ കോടതി, ജില്ല കോടതി, സെഷൻസ് കോടതി എന്നിവയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, നിയമമന്ത്രി അർജുൻ റാം മേഘ്‍വാൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.