15 വർഷത്തിനുശേഷം ആദ്യമായി ഒരു രാഷ്ട്രപതിയുടെ ട്രെയിൻ യാത്ര-ജന്മനാട്ടിലേക്ക് യാത്ര ചെയ്ത് രാംനാഥ് കോവിന്ദ്
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ പൗരനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തർപ്രദേശിലെ കാൺപുരിലുള്ള ജൻമസ്ഥലത്തേക്ക് യാത്രയായി. വെള്ളിയാഴ്ച സഫ്ദർജങ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രത്യേക തീവണ്ടിയിലായിരുന്നു രാഷ്ട്രപതിയുടെ യാത്ര. 15 വർഷത്തിന്‍റെ ഇടവേളക്കുശേഷമാണ് ഒരു രാഷ്ട്രപതി ട്രെയിനിൽ യാത്ര ചെയ്യുന്നത് എന്ന പ്രത്യേകതയും ഈ യാത്രക്കുണ്ട്.
യാത്രാമധ്യേ കാൺപുരിലെ ജിൻജാക്ക്, രുരാ എന്നീ സ്ഥലങ്ങളിൽ ട്രെയിനിന് സ്റ്റോപ്പും അനുവദിച്ചിരുന്നു. സ്കൂൾ കാലഘട്ടത്തിലെ ബാല്യകാല സുഹൃത്തുക്കളുമായി രാഷ്ട്രപതിക്ക് നേരിട്ട് സംസാരിക്കാനാണ് ഇത്. ജൂൺ 27ന് ജന്മസ്ഥലമായ കാൺപുരിലെ പരൗഖ് ഗ്രാമത്തിൽ നടക്കുന്ന രണ്ട് സ്വീകരണ ചടങ്ങുകളിൽ പങ്കെടുക്കാനാണ് രാഷ്ട്രപതി ജന്മനാട്ടിലേക്ക് പോയത്.
ജന്മനാട്ടിലെത്താൻ രാംനാഥ് കോവിന്ദ് നേരത്തെതന്നെ ആഗ്രഹിച്ചിരുന്നതാണ്. എന്നാൽ, കോവിഡ് വ്യാപന സാഹചര്യത്തിൽ ഇതു വൈകുകയായിരുന്നെന്ന് രാഷ്ട്രപതി ഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജന്മനാട്ടിലെ പരിപാടികൾക്ക് ശേഷം ജൂൺ 28ന് കാൺപൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് നിന്ന് ലഖ്നോവിലേക്കും അദ്ദേഹം ട്രെയിൻ മാർഗം തന്നെ യാത്ര തിരിക്കും. അവിടെനിന്നും തിരിച്ച് ഡൽഹിയിലേക്കുള്ള യാത്ര വിമാനത്തിലാണ്.
15 വർഷങ്ങൾക്കുശേഷം ഇതാദ്യമായാണ് ഒരു രാഷ്ട്രപതി ട്രെയിനിൽ യാത്ര ചെയ്യുന്നത്. 2006ൽ മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമാണ് ഒടുവിൽ ട്രെയിനിൽ യാത്ര ചെയ്ത രാഷ്ട്രപതി. ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ പാസിങ് ഔട്ട് പരേഡിൽ പങ്കെടുക്കാൻ ഡെറാഡൂണിലേക്കായിരുന്നു അന്നത്തെ യാത്ര. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായിരുന്ന രാജേന്ദ്ര പ്രസാദ് പലപ്പോഴും ട്രെയിൻ യാത്ര നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.