ബി.ജെ.പി മുൻ കേരള പ്രഭാരി സി.പി. രാധാകൃഷ്ണൻ ഝാർഖണ്ഡ് ഗവർണർ; 13 സംസ്ഥാനങ്ങളിലെ ഗവർണർമാർക്ക് മാറ്റം
text_fieldsന്യൂഡൽഹി: ബാബരി കേസിൽ വിധിപറഞ്ഞ മുൻ സുപ്രീം കോടതി ജഡ്ജി എസ്. അബ്ദുൽനസീറും നാല് ബി.ജെ.പി നേതാക്കളും ഉൾപ്പെടെ ആറ് പുതുമുഖങ്ങളെ ഗവർണർമാരായി നിയമിച്ചു. ഏഴ് സംസ്ഥാനങ്ങളിലെ ഗവർണർമാരെ സ്ഥലംമാറ്റി. മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി, ലഡാക്കിലെ ലെഫ്റ്റനന്റ് ഗവർണർ ആർ കെ മാത്തൂർ എന്നിവരുടെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു സ്വീകരിച്ചു. മൊത്തം 13 സംസ്ഥാനങ്ങളിലാണ് ഗവർണർമാരെ മാറ്റിനിയമിച്ചതെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചു.
ബിജെപി നേതാക്കളായ ലക്ഷ്മൺ പ്രസാദ് ആചാര്യ, സി പി രാധാകൃഷ്ണൻ, ശിവ് പ്രതാപ് ശുക്ല, രാജസ്ഥാനിലെ പ്രതിപക്ഷ നേതാവ് കൂടിയായ ഗുലാബ് ചന്ദ് കഠാരിയ എന്നിവരാണ് മറ്റ് പുതിയ ഗവർണർമാർ.
മുൻ കോയമ്പത്തൂർ എം.പിയും ബി.ജെ.പി കേരള പ്രഭാരിയുമായിരുന്ന സി.പി. രാധാകൃഷ്ണനാണ് ഝാർഖണ്ഡ് ഗവർണർ. തമിഴ്നാട് തിരുപ്പൂർ സ്വദേശിയായ സി.പി. രാധാകൃഷ്ണൻ 1998 മുതൽ 2004 വരെ കോയമ്പത്തൂരിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു. ഝാർഖണ്ഡ് ഗവർണറായിരുന്ന രമേശ് ബയാസിനെ മഹാരാഷ്‌ട്ര ഗവർണറായും ലഫ്. ജനറൽ കൈവല്യ ത്രിവിക്രം പർനായികിനെ അരുണാചൽ പ്രദേശ് ഗവർണറായും രാഷ്‌ട്രപതി നിയമിച്ചു. ഗുലാം ചന്ദ് കഠാരിയ അസമിലും ശിവ പ്രതാവ് ശുക്ല ഹിമാചൽപ്രദേശിലും ഗവർണർമാരാകും.
അരുണാചൽപ്രദേശ് ഗവർണറായ ബ്രിഗേഡിയർ ബി.ഡി. മിശ്രയെ ലഡാക്ക് ലഫ്. ഗവർണറാക്കി. റിട്ട. ജസ്റ്റിസ് എസ്.അബ്ദുൽ നസീറിനെ ആന്ധ്രയുടെയും ലക്ഷ്മൺ പ്രസാദ് ആചാര്യയെ സിക്കിമിന്റെയും ഗവർണറായി നിയമിച്ചു. ഹിമാചൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ് ബിഹാർ ഗവർണർ. ഛത്തീസ്ഗഡ് ഗവർണറായിരുന്ന അനുസൂയ ഉയിക്യെയെ മണിപ്പുർ ഗവർണറാകും. മണിപ്പുർ ഗവർണർ ലാ. ഗണേശനെ നാഗാലാൻഡിൽ നിയമിച്ചു. ബിഹാർ ഗവർണർ ഫാഗു ചൗഹാനെ മേഘാലയയിലേക്കും മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.