ഈ ദിനം അസാധാരണ വീര്യത്തിന്‍റെ പ്രതീകം; കാർഗിൽ യുദ്ധ പേരാളികളെ സ്മരിച്ച് രാഷ്ട്രപതി
text_fieldsന്യൂഡൽഹി: കാർഗിൽ യുദ്ധ വിജയത്തിന്‍റെ 23ാം വാർഷികത്തിൽ, യുദ്ധ പോരാളികളെ അനുസ്മരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. അസാധാരണ വീര്യത്തിന്‍റെയും നിശ്ചയദാർഢ്യത്തിന്‍റെയും പ്രതീകമാണ് ഈ ദിനമെന്ന് അവർ പറഞ്ഞു. രാജ്യത്തിനായി ജീവൻ നൽകിയ സൈനികരോടും അവരുടെ കുടുംബാംഗങ്ങളോടും രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
ഭാരത മാതാവിന്റെ അഭിമാനത്തിന്‍റെയും മഹത്വത്തിന്‍റെയും പ്രതീകമാണ് കാർഗിൽ വിജയ ദിവസെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഡൽഹിയിലെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. രാജ്യത്തിനായി ജീവൻ നൽകിയ പോരാളികളുടെ ധൈര്യത്തെയും ത്യാഗത്തെയും ആദരിക്കുന്നുവെന്നും അവരുടെ ആത്മവീര്യം ചരിത്രത്തിലെന്നും ഇടംപിടിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ആഭ്യന്തര മന്ത്രി അമിത് ഷാ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തുടങ്ങിയവരും ആദരാഞ്ജലി അർപ്പിച്ചു.
1999 മേയ് എട്ട് മുതൽ ജൂലൈ 26 വരെ നീണ്ടതായിരുന്നു കാർഗിൽ യുദ്ധം. കാർഗിലിലും നിയന്ത്രണരേഖയിലുമായി നടന്ന യുദ്ധത്തിൽ 527 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഓപറേഷൻ വിജയ് എന്ന ദൗത്യത്തിലൂടെ പാക് നുഴഞ്ഞുകയറ്റക്കാരെ തുരത്താനും ടൈഗർ ഹിൽസ് അടക്കം പിടിച്ചെടുക്കാനും ഇന്ത്യൻ സൈനികർക്ക് കഴിഞ്ഞു. യുദ്ധത്തിൽ 700ഓളം പാക് സൈനികരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.