ആർ.എസ്.എസ് ചിന്തകനടക്കം നാലുപേർ രാജ്യസഭയിലേക്ക്
text_fieldsന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാലു പേരെ പുതുതായി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. ദലിത് കർഷക നേതാവായ രാം ഷക്കാൽ, ആർ.എസ്.എസ് ചിന്തകനും എഴുത്തുകാരനുമായ രാകേഷ് സിൻഹ, ശിൽപി രഘുനാഥ് മോഹാപാത്ര, നർത്തകി സോനാൽ മാൻസിങ് എന്നിവരെയാണ് രാഷ്ട്രപതി പുതുതായി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്. ഇന്ത്യൻ ഭരണഘടനയിലെ 80(3) വകുപ്പ് പ്രകാരം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 12 പേരെ രാഷ്ട്രപതിക്ക് നാമനിർദേശം ചെയ്യാം.
ക്രിക്കറ്റ് താരം സചിൻ തെൻഡുൽക്കർ, നടി രേഖ, വ്യവസായി അനു അഗഹ, അഭിഭാഷകൻ കെ.പർസാറൻ എന്നിവരുടെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് രാഷ്ട്രപതി പുതിയ പേരുകൾ നാമനിർദേശം ചെയ്തത്.
ഉത്തർപ്രദശിൽ നിന്നുള്ള ദലിത് നേതാവാണ് രാം ഷകാൽ. കർഷകരുടെയും തൊഴിലാളികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്നങ്ങളിൽ അദ്ദേഹം സജീവമായി ഇടപ്പെട്ടിരുന്നു. യു.പിയിൽ നിന്ന് മൂന്ന് തവണ എം.പിയായിട്ടുണ്ട്. ഡൽഹി സർവകലാശാലക്ക് കീഴിലെ മോത്തിലാൽ നെഹ്റു കോളജിലെ അധ്യാപകനാണ് രാകേഷ് സിൻഹ. നിലവിൽ ഇന്ത്യൻ സാമൂഹികപഠന കേന്ദ്രത്തിൽ അംഗവുമാണ്.
അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന ശിൽപികളിലൊരാളാണ് രഘുനാഥ് മൊഹാപാത്ര. പുരിയിലെ ജഗനാഥ ക്ഷേത്രത്തിലെ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളിൽ അദ്ദേഹം ഭാഗമായിട്ടുണ്ട്. ആറ് പതിറ്റാണ്ടായി ഭരതനാട്യം, ഒഡീസി നൃത്ത രംഗത്ത് സജീവമാണ് സോണാൽ മാൻസിങ്. ഡൽഹിയിലെ സെൻറർ ഫോർ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസിന് തുടക്കം കുറിച്ചത് സോണാലിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.