കൊലവെറിക്കെതിരെ രാഷ്ട്രപതി
text_fieldsന്യൂഡൽഹി: പശുഭക്തിയുടെ പേരിൽ ആൾക്കൂട്ടത്തിെൻറ ഭ്രാന്തവും ക്രൂരവുമായ കോപാവേശം നിരപരാധികളുടെ ജീവൻ കവർന്നെടുക്കുന്ന സംഭവങ്ങളെ ശക്തമായ ഭാഷയിൽ രാഷ്ട്രപതി പ്രണബ് മുഖർജി അപലപിച്ചു. രാജ്യത്തിെൻറ അടിസ്ഥാന വിശ്വാസ പ്രമാണങ്ങൾ സംരക്ഷിക്കാൻ ക്രിയാത്മകമായി ഇടപെടുന്നുണ്ടോ എന്ന് ഇന്നത്തെ തലമുറ ചിന്തിക്കണമെന്ന് രാഷ്്ട്രപതി പറഞ്ഞു. അങ്ങനെ ചെയ്തില്ലെങ്കിൽ നിങ്ങളെന്തു ചെയ്തുവെന്ന ചോദ്യം ഭാവിതലമുറ ഉന്നയിക്കും. ഒരാളെ ആൾക്കൂട്ടം തല്ലിക്കൊന്നുവെന്ന് പത്രങ്ങളിൽ വായിക്കുേമ്പാൾ, ആൾക്കൂട്ടത്തിെൻറ കൊലവെറി അങ്ങേയറ്റവും, അനിയന്ത്രിതവുമാകുേമ്പാൾ നാം ചിന്തിച്ച് പ്രതികരിക്കേണ്ടതുണ്ട്.
നാഷനൽ ഹെറാൾഡിെൻറ പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ആൾക്കൂട്ടത്തിെൻറ ജാഗ്രതയെക്കുറിച്ചല്ല, രാജ്യത്തിെൻറ അടിസ്ഥാന സംഹിതകൾ സംരക്ഷിക്കാൻ സമൂഹത്തിന് ഉണ്ടാകേണ്ട ക്രിയാത്മക ജാഗ്രതയെക്കുറിച്ചാണ് താൻ പറയുന്നതെന്ന് രാഷ്ട്രപതി ഒാർമിപ്പിച്ചു. ഇരുട്ടിെൻറ ശക്തികളെയും പിന്നാക്കാവസ്ഥയെയും നേരിടുന്നതിൽ വിവേകമുള്ള പൗരന്മാർക്കും മാധ്യമ ജാഗ്രതക്കും വലിയ തിരുത്തൽശക്തിയാകാൻ കഴിയുമെന്നും പ്രണബ് മുഖർജി ഒാർമിപ്പിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, എൻ.സി.പി നേതാവ് ശരദ് പവാർ, എ.െഎ.സി.സി ട്രഷറർ മോത്തിലാൽ വോറ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
ആൾക്കൂട്ടത്തിെൻറ കൊലവെറിയെ മൃദുസ്വരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ച് ദിവസങ്ങൾക്കകമാണ് രാഷ്ട്രപതിയുടെ ഇടപെടൽ. പശുഭക്തിയുടെ പേരിൽ ആളുകളെ കൊല്ലുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അത് മഹാത്മ ഗാന്ധി അംഗീകരിച്ച കാര്യമല്ലെന്നുമായിരുന്നു മോദിയുടെ പരാമർശം. സമൂഹത്തിൽ അതിക്രമത്തിന് സ്ഥാനമില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ ഇടപെടൽ വളരെ ലഘുവും വൈകിയതുമായ നടപടിയാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു.
മഥുര ട്രെയിനിൽ 15കാരനായ ജുനൈദ് ഖാനെ തല്ലിക്കൊന്ന സംഭവം രാജ്യമനഃസാക്ഷിയെ ഞെട്ടിച്ചതിനു പിന്നാലെ ഝാർഖണ്ഡിൽ ആലിമുദ്ദീൻ അൻസാരിയും കൊലവെറിക്ക് ഇരയായി. ഗോവധം ആരോപിച്ച് വീടു കത്തിച്ച മറ്റൊരു സംഭവവും ഝാർഖണ്ഡിൽ നടന്നു. ഇത്തരം സംഭവങ്ങൾ രാജ്യമാകെ ഉത്കണ്ഠ പരത്തിയിരിക്കുന്ന പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെ പരാമർശം. ആൾക്കൂട്ട കൊലപാതകം ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ ‘നോട്ട് ഇൻ മൈ നെയിം’ എന്ന ബാനറിൽ കഴിഞ്ഞ ദിവസം ദേശവ്യാപക പ്രതിഷേധങ്ങൾ നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.