ബംഗളൂരു മെട്രോ: അവസാന റീച്ചും തുറന്നു
text_fieldsബംഗളൂരു: ഉദ്യാനനഗരത്തിെൻറ പൊതുഗതാഗത സംസ്കാരത്തിൽ പുതിയ ചരിത്രമെഴുതി ഇനി നാലു ദിക്കിലേക്കും മെട്രോ സർവിസ്. നമ്മ മെട്രോ ഒന്നാംഘട്ടത്തിൽ ഉൾപ്പെടുന്ന അവസാന പാത ശനിയാഴ്ച തുറന്നുകൊടുത്തു. ഇതോടെ നഗരത്തിൽ മൊത്തം 42.3 കിലോമീറ്ററിൽ മെട്രോ സർവിസിന് കളമൊരുങ്ങി. നഗരത്തിലെ നാലു ദിക്കുകളിലേക്കും അതിവേഗത്തിലെത്താൻ കഴിയുമെന്നതിനാൽ രൂക്ഷമായ ഗതാഗതക്കുരുക്കിനും പരിഹാരമാകും. ബംഗളൂരു വിധാൻസൗധയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി പ്രണബ് മുഖർജിയാണ് മെട്രോ ഒന്നാംഘട്ടം പൂർണതോതിൽ നാടിന് സമർപ്പിച്ചത്.
ഗ്രീൻ ലൈനിലെ സാംപിഗെ റോഡ് മുതൽ യെലച്ചനഹള്ളി വരെയുള്ള 10.5 കിലോമീറ്റർ പാതയാണ് സർവിസിനായി തുറന്നുകൊടുത്തത്. പാതയിലൂടെയുള്ള വാണിജ്യ സർവിസ് ഞായറാഴ്ച വൈകീട്ട് നാലിന് ആരംഭിക്കും. 42.3 കിലോമീറ്റർ പാതയിൽ 40 സ്റ്റേഷനുകളാണുള്ളത്. ബൈയപ്പനഹള്ളി മുതൽ മൈസൂരു റോഡ് വരെ 18.1 കിലോമീറ്റർ സഞ്ചരിക്കാൻ വേണ്ടത് 33 മിനിറ്റ്. 24.2 കിലോമീറ്റർ വരുന്ന നാഗസന്ദ്ര മുതൽ യെലച്ചനഹള്ളി വരെ സഞ്ചരിക്കാൻ എടുക്കുന്നത് 45 മിനിറ്റും. ഇതിൽ 33.48 കിലോമീറ്റർ മേൽപാതയും (33 സ്റ്റേഷനുകൾ), 8.82 കിലോമീറ്റർ ഭൂഗർഭപാതയുമാണ് (ഏഴു സ്റ്റേഷനുകൾ). രാവിലെ അഞ്ചു മുതൽ രാത്രി 11 വരെയാണ് സർവിസ്. 72.1 കിലോമീറ്റർ വരുന്ന രണ്ടാംഘട്ട മെട്രോ നിർമാണവും അതിവേഗത്തിൽ പുരോഗമിക്കുകയാണ്.
ലക്ഷ്യമിട്ടതിലും ആറുവർഷം വൈകിയാണ് മെട്രോ ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കി സർവിസിനായി തുറക്കുന്നത്. 2006ൽ നിർമാണം ആരംഭിക്കുമ്പോൾ 6,500 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. ഏറെ വെല്ലുവിളികൾ മറികടന്ന് നിർമാണം പൂർത്തിയാക്കിയപ്പോൾ ചെലവ് ഇരട്ടിയായി. 14,405 കോടി രൂപ. 2011ലാണ് പാതയിലെ ആദ്യ റീച്ചിൽ സർവിസ് ആരംഭിക്കുന്നത്. കട്ടിയുള്ള പാറകൾ കാരണം ഭൂഗർഭപാതയുടെ നിർമാണം നീണ്ടുപോയതാണ് നിർമാണം വൈകുന്നതിന് കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.