നാരിശക്തി പുരസ്കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ 2020,2021 വർഷത്തെ നാരിശക്തി പുരസ്കാരങ്ങൾ അന്താരാഷ്ട്ര വനിത ദിനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചു. 2020 ലെ നാരി പുരസ്കാരത്തിന് അർഹയായ, കാഴ്ചപരിമിതർക്കുവേണ്ടി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകയായ ടിഫനി ബ്രാർ, 2021ലെ പുരസ്കാരത്തിന് അർഹയായ, മർച്ചന്റ് നേവി ക്യാപ്റ്റൻ രാധിക മേനോൻ എന്നിവർ ഉൾപ്പെടെ 29 പേർക്കാണ് ചൊവ്വാഴ്ച രാഷ്ട്രപതി ഭവനിൽ നടന്ന പ്രത്യേക ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിച്ചത്. പുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിച്ചു.
ദുർബലരും പാർശ്വവത്കരിക്കപ്പെട്ടവരുമായ സ്ത്രീകളുടെ ശാക്തീകരണത്തിനായി വിശിഷ്ട സേവനങ്ങൾ നൽകിയവർക്കാണ് അംഗീകാരമായി കേന്ദ്ര വനിത ശിശുവികസന മന്ത്രാലയം നാരിശക്തി പുരസ്കാരം നൽകുന്നത്. സംരംഭകത്വം, കൃഷി, നവീകരണം, സാമൂഹിക പ്രവർത്തനം, കല-കരകൗശല മേഖല, വന്യജീവി സംരക്ഷണം തുടങ്ങി വിവിധ മേഖലകളിൽനിന്നുള്ളവരാണ് 2020ലെ നാരിശക്തി പുരസ്കാരത്തിന് അർഹരായത്. 2021ലെ നാരിശക്തി പുരസ്കാര ജേതാക്കൾ ഭാഷാശാസ്ത്രം, സംരംഭകത്വം, കൃഷി, സാമൂഹിക പ്രവർത്തനം, കല-കരകൗശല മേഖല, മർച്ചന്റ് നേവി, വിദ്യാഭ്യാസം, സാഹിത്യം, ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ മുതലായ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.