കുട്ടികൾക്കെതിരായ ലൈംഗിക പീഡനം: നിയമ ഭേദഗതിയിൽ രാഷ്ട്രപതി ഒപ്പുവെച്ചു
text_fieldsന്യൂഡൽഹി: 12 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്ക് വധശിക്ഷ നൽകുന്ന വിധം ക്രിമിനൽ നിയമം ഭേദഗതി ചെയ്യാനുള്ള ഒാർഡിനൻസിൽ രാഷ്്ട്രപതിയുടെ മേലൊപ്പ്. കഠ്വ, ഉന്നാവ് സംഭവങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിപ്പടരുന്നതിനിടയിൽ മാനഭംഗത്തിനുള്ള ശിക്ഷയുടെ കാഠിന്യം കൂട്ടുന്ന തരത്തിൽ ഇന്ത്യൻ ശിക്ഷാനിയമം, തെളിവ് നിയമം, ക്രിമിനൽ നടപടിക്രമം, പോക്സോ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതിന് കൊണ്ടുവന്ന ഒാർഡിനൻസിലാണ് രാഷ്്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടത്.
12 വയസ്സിന് താഴെയുള്ള പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയാൽ 20 വർഷത്തെ കഠിനതടവോ ആജീവനാന്ത തടവോ വധശിക്ഷയോ നൽകണമെന്നാണ് ഇപ്പോൾ നിർദേശിച്ച നിയമഭേദഗതി. 12 വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ കൂട്ടമാനഭംഗം ചെയ്താൽ വധശിക്ഷയോ ആജീവനാന്ത ജയിൽശിക്ഷയോ ലഭിക്കും. 16 വയസ്സിന് താഴെയുള്ള പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയാൽ ചുരുങ്ങിയ ശിക്ഷാകാലയളവ് 10 വർഷത്തിൽ നിന്ന് 20 വർഷമാക്കി വർധിപ്പിച്ചു. 20 വർഷമെന്നത് ശേഷിക്കുന്ന ജീവിതകാലം ജയിലിൽ എന്ന തരത്തിൽ ദീർഘിപ്പിക്കാനും വ്യവസ്ഥയുണ്ട്.
16 വയസ്സിന് താഴെയുള്ള പെൺകുട്ടിയെ മാനഭംഗപ്പെടുത്തുന്ന കേസിലെ പ്രതികൾക്ക് മുൻകൂർ ജാമ്യാപേക്ഷക്കുള്ള അവസരം എടുത്തുകളയുന്നതും കൂടിയാണ് നിയമഭേദഗതി. ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തിയാലുള്ള ചുരുങ്ങിയ ശിക്ഷ ഏഴ് വർഷം കഠിനതടവിൽ നിന്ന് ജീവപര്യന്തം വരെ നീട്ടാവുന്ന 10 വർഷത്തെ കഠിനതടവാക്കി മാറ്റി.
മാനഭംഗക്കേസുകൾ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കുന്ന തരത്തിൽ വേഗത്തിലുള്ള അന്വേഷണവും വിചാരണയും നിർബന്ധമാക്കുന്നതിനുള്ള വ്യവസ്ഥകളും ഒാർഡിനൻസിലുണ്ട്.
2012ൽ നിർഭയ സംഭവത്തിന് ശേഷം ലൈംഗിക കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ കടുപ്പിച്ച് കേന്ദ്ര സർക്കാർ നിയമം കൊണ്ടുവന്നിരുന്നു. ഇതേ തുടർന്ന് മാനഭംഗപ്പെടുത്തി കൊലപ്പെടുത്തുന്ന കേസുകളിലെ പ്രതികൾക്ക് വധശിക്ഷയാക്കി. അതിന് ശേഷമാണിപ്പോൾ പുതിയ ഒാർഡിനൻസ് കൊണ്ടുവന്ന് ശിക്ഷ വീണ്ടും കഠിനമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.