പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല, രാഷ്ട്രപതി -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മേയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് വിമർശനവുമായി രാഹുൽ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ലോക്സഭ സ്പീക്കർ ഓം ബിർല പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽകണ്ട് പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ താത്വികാചാര്യനായ വി.ഡി. സവർക്കറുടെ ജന്മവാർഷിക ദിനമായ മേയ് 28ന് തന്നെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചതിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള നിരവധി പ്രതിപക്ഷ പാർട്ടികൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രിയല്ല ഉദ്ഘാടനം ചെയ്യേണ്ടതെന്നും രാഷ്ട്രപതിയാണെന്നും അഭിപ്രായപ്പെട്ട് രാഹുൽ ട്വീറ്റ് ചെയ്തത്.
പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ വിവിധ നേതാക്കളും വിമർശനം ഉയർത്തി. രാജ്യസഭയിലെ കോൺഗ്രസിന്റെ മുൻ ഉപ നേതാവായിരുന്ന ആനന്ദ് ശർമയും മറ്റു പ്രതിപക്ഷ നേതാക്കളും സമാനമായ അഭിപ്രായവുമായി രംഗത്തെത്തി. പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് ഭരണഘടനാപരമായി ശരിയല്ലെന്നും പാർലമെന്റിന്റെ തലവൻ രാഷ്ട്രപതിയാണെന്ന് ഭരണഘടനയിൽ വ്യക്തമാക്കുന്നുണ്ടെന്നും ആനന്ദ് ശർമ പറഞ്ഞു. ലോക്സഭയിലെ നേതാവാണ് പ്രധാനമന്ത്രി. ലോക്സഭയും രാജ്യസഭയും ചേർന്ന പാർലമെന്റ് വിളിച്ചുചേർക്കാൻ രാഷ്ട്രപതിക്കാണ് അധികാരം. ഭരണഘടനയെ ബഹുമാനിക്കേണ്ടതുണ്ടെന്നും പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ആർ.ജെ.ഡി നേതാവ് മനോജ് കുമാർ ഝാ തുടങ്ങിയവരും ഇതേ ആവശ്യം മുന്നോട്ടുവെച്ചു.
ഇത് ഗാന്ധിജി, നെഹ്റു, പട്ടേൽ, സുഭാഷ് ചന്ദ്രബോസ്, ഡോ. അംബേദ്കർ തുടങ്ങിയ രാജ്യം പടുത്തുയർത്തിയവരോടുള്ള കടുത്ത അവഹേളനമാണെന്നായിരുന്നു കോൺഗ്രസ് നേതാവ് ജയ്റാം രമേശിന്റെ പ്രതികരണം. സവർക്കറുടെ ജന്മദിനമായ മേയ് 28ന് ഉദ്ഘാടനം നിശ്ചയിച്ചതിനെ തൃണമൂൽ കോൺഗ്രസ് എം.പി സുകേന്ദു ശേഖർ റായിയും ചോദ്യം ചെയ്തിരുന്നു.
എന്തുകൊണ്ട് ലോക്സഭ സ്പീക്കറെയും രാജ്യസഭ ചെയർമാനെയും ഈ സുപ്രധാന ദൗത്യത്തിന് തെരഞ്ഞെടുത്തില്ലെന്ന ചോദ്യവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയും രംഗത്തെത്തിയിരുന്നു. ഇത് പൊതുജനങ്ങളുടെ പണംകൊണ്ടാണ് നിർമിച്ചത്. തന്റെ സുഹൃത്തുക്കൾ സ്പോൺസർ ചെയ്ത ഫണ്ട് കൊണ്ട് നിർമിച്ചതാണെന്ന തരത്തിൽ എന്തുകൊണ്ടാണ് പ്രധാനമന്ത്രി പെരുമാറുന്നതെന്നും ഉവൈസി ചോദിച്ചിരുന്നു.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറി ഒമ്പത് വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ അടയാളപ്പെടുത്തലായി പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കാനാണ് കേന്ദ്ര സർക്കാറിന്റെ തീരുമാനം. 970 കോടി രൂപ ചെലവില്‍ ടാറ്റ പ്രോജക്ട്സ് ആണ് 64,500 ചതുരശ്ര മീറ്റര്‍ വിസ്തീർണമുള്ള കെട്ടിടം നിര്‍മിച്ചത്. നാലുനില കെട്ടിടത്തിൽ രാജ്യസഭയിലും ലോക്സഭയിലുമായി 1224 എം.പിമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ്. 2020 ഡിസംബർ 10ന് പ്രധാനമന്ത്രി മോദിയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.