രാഷ്ട്രപതി: പ്രതിപക്ഷ പൊതുസ്ഥാനാർഥിക്ക് സോണിയ, നിതീഷ്, യെച്ചൂരി ചർച്ച
text_fieldsന്യൂഡൽഹി: ദേശീയ രാഷ്ട്രീയം രാഷ്ട്രപതി തെരഞ്ഞെടുപ്പിെൻറ മുന്നൊരുക്കത്തിൽ. സംഘ്പരിവാറിന് വേണ്ടപ്പെട്ടയാെള രാഷ്ട്രപതി ഭവനിൽ എത്തിക്കാനുള്ള ബി.ജെ.പി ശ്രമം തടയാൻ സംയുക്ത സ്ഥാനാർഥിയെ നിർത്തുന്നതിന് പ്രതിപക്ഷ പാർട്ടികൾ അനൗപചാരിക ചർച്ച തുടങ്ങി. തെരെഞ്ഞടുപ്പിനായി പാർലമെൻറിൽ പ്രത്യേക വിഭാഗം പ്രവർത്തനം ആരംഭിച്ചു.
ജനതാദൾ-യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ്കുമാർ ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടു. പ്രതിപക്ഷ പാർട്ടികൾക്കിടയിൽ സമവായം രൂപപ്പെടുത്താൻ സോണിയ മുൻകൈയെടുക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. തൊട്ടുപിന്നാലെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സോണിയയെ കണ്ടു. വിവിധ പാർട്ടി നേതാക്കളുടെ േയാഗം വിളിക്കാൻ യെച്ചൂരി, സോണിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതനുസരിച്ചുള്ള യോഗം വൈകാതെ നടക്കും.
ജനതാദൾ-യു നേതാവ് ശരദ് യാദവ് പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സ്ഥാനാർഥിയായി പരിഗണിക്കപ്പെടുന്നുണ്ട്. നിതീഷ് കുമാർ, സോണിയയെ കണ്ടത് ഇൗ ലക്ഷ്യംകൂടി മുൻനിർത്തിയാണ്. കോൺഗ്രസിൽ നിന്നൊരാൾ രാഷ്ട്രപതി സ്ഥാനാർഥിയാകുന്നതിനേക്കാൾ പ്രാദേശിക പാർട്ടി നേതാവ് സ്ഥാനാർഥിയാകുന്നതാണ് നല്ലതെന്ന് അഭിപ്രായമുണ്ട്. സി.പി.എമ്മിനും കോൺഗ്രസിനും വിവിധ പ്രാേദശിക കക്ഷികൾക്കും പൊരുത്തപ്പെടാൻ അത് സഹായിക്കും. എൻ.സി.പി നേതാവ് ശരദ്പവാറിെന സ്ഥാനാർഥിയാക്കുന്ന കാര്യം സജീവ ചർച്ചയായിരുന്നു. എന്നാൽ, അനാരോഗ്യം അലട്ടുന്നതിനാൽ അദ്ദേഹം ഇപ്പോൾ തയാറല്ല. അതുകഴിഞ്ഞാൽ പ്രതിപക്ഷ പാർട്ടികൾക്ക് താരതമ്യേന പൊതുസമ്മതനാണ് ശരദ് യാദവ്.
കോൺഗ്രസും സി.പി.എമ്മും മുന്നിട്ടിറങ്ങി നിർദേശിക്കുന്നയാളെ പിന്തുണക്കാൻ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിക്ക് പശ്ചിമ ബംഗാൾ രാഷ്ട്രീയം തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇതിെൻറകൂടി പശ്ചാത്തലത്തിൽ പ്രാദേശിക കക്ഷികളുടെ കൂട്ടായ്മക്ക് മമത ശ്രമിക്കുന്നു. ബി.ജെ.ഡി നേതാവും ഒഡിഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്കിനെ ഭുവനേശ്വറിലെത്തി മമത കണ്ടിരുന്നു. തൃണമൂലിെൻറ രണ്ട് എം.പിമാർ ഫണ്ട് തട്ടിപ്പുകേസിൽ ജയിലിൽ കഴിയുന്നത് ഒഡിഷയിലാണെന്ന സാഹചര്യംകൂടി ആ കൂടിക്കാഴ്ചക്കുണ്ട്. പ്രാദേശിക കക്ഷികളുടെ ഫെഡറൽ മുന്നണി ഉണ്ടാക്കണമെന്ന് മമത താൽപര്യപ്പെടുന്നു. യു.പിയിൽനിന്ന് സമാജ്വാദി പാർട്ടി, ബി.എസ്.പി, തമിഴ്നാട്ടിൽനിന്ന് എ.െഎ.എ.ഡി.എം.കെ തുടങ്ങിയ കക്ഷികളാണ് ഉന്നം. ഫെഡറൽ മുന്നണിയും കോൺഗ്രസ് നേതൃത്വത്തിലുള്ള നിരയും പൊതുസമ്മതനെ നിർത്താനുള്ള സാധ്യതയും തെളിഞ്ഞെന്നു വരും.
ഇതാദ്യമായി പ്രഥമ പൗരെൻറ കസേരയിൽ സംഘ്പരിവാറിന് ഏറ്റവും വേണ്ടപ്പെട്ടയാളെ പ്രതിഷ്ഠിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. എന്നാൽ, സ്വന്തംനിലക്ക് രാഷ്ട്രപതിയെ വിജയിപ്പിക്കാനുള്ള വോട്ടുബലം അവർക്കില്ല. സഖ്യകക്ഷിയായ ശിവസേനയും ചായ്വുള്ള എ.െഎ.എ.ഡി.എം.കെയും കഴിഞ്ഞതവണ പ്രണബ് മുഖർജിക്കാണ് വോട്ടു ചെയ്തത്. ഇൗ സാഹചര്യത്തിൽ പുറംപിന്തുണകൾ ബി.ജെ.പിക്ക് ആവശ്യമുണ്ട്. ബി.ജെ.പിയുടെ സ്ഥാനാർഥി ആരെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത് തൊട്ടുള്ള പേരുകൾ ഉയർത്തിവിെട്ടങ്കിലും ജയം ഉറപ്പാക്കാൻ പിന്തുണനൽകുന്നവരുടെ വികാരം കൂടി അവർക്ക് കണക്കിലെടുക്കേണ്ടിവരും. ബാബരി മസ്ജിദ് പൊളിച്ച കേസിൽ മുതിർന്ന നേതാവ് എൽ.കെ. അദ്വാനിയെയും മറ്റും കുറ്റവിചാരണ ചെയ്യാൻ സുപ്രീംകോടതി വിധിച്ചത് സീനിയർ നേതാക്കളുടെ സാധ്യതകളും അടച്ചു. ജൂലൈ 25നാണ് രാഷ്ട്രപതി പ്രണബ് മുഖർജി കാലാവധി പൂർത്തിയാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.