ജി 20 ഉച്ചകോടിയിൽ ഇസ്‍ലാമോഫോബിയക്കെതിരെ ഉർദുഗാൻ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന ജി 20 ഉച്ചകോടിയിൽ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ നടത്തിയ പ്രസംഗത്തിൽ ഇസ്‍ലാമോഫോബിയയെയും വിദ്വേഷ കുറ്റകൃത്യങ്ങളെയും വിമർശിച്ചു. ഉച്ചകോടിയുടെ പ്രമേയമായ ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ പ്രമേയം ചൂണ്ടിക്കാട്ടി, ഇസ്‍ലാമോഫോബിയ പ്ലേഗ് പോലെ പടരുമ്പോൾ ഈ ചിന്തക്ക് പ്രതിബന്ധങ്ങളുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഉർദുഗാന്റെ ഈ പ്രസംഗം ‘ടി.ആർ.ടി’ ചാനലാണ് സംപ്രേഷണം ചെയ്തത്.
‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ആശയം മഹത്തരമാണെന്ന് ഉർദുഗാൻ പറഞ്ഞു. നിർഭാഗ്യവശാൽ പ്ലേഗ് പോലെ പടരുന്ന ഇസ്‍ലാമോഫോബിയയും അപരിചിത വിദ്വേഷവും ഈ ആശയത്തിന് പരിക്കേല്പിക്കും. പടിഞ്ഞാറൻ രാജ്യങ്ങളിൽ മുസ്‍ലിംകളെയും അഭയാർഥികളെയും ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളും അംഗീകരിക്കാനാവില്ല. വിദ്വേഷത്തിന്റെ കുത്തൊഴുക്കായി അവ മാറിക്കൊണ്ടിരിക്കുന്നു. മുസ്‍ലിംകൾക്കും അഭയാർഥികൾക്കും ക്രൂരമായ ആക്രമണങ്ങളുണ്ടാകുമ്പോൾ ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി സംസാരിക്കുന്ന രാജ്യങ്ങളിൽ ഭൂരിഭാഗവും കാഴ്ചക്കാരായി നോക്കിനിൽക്കുകയാണ്. പൊലീസ് സന്നാഹത്തിന് മുന്നിൽ വിശുദ്ധ ഖുർആനെ അവമതിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമോ വിശ്വാസ സ്വാതന്ത്ര്യമോ അല്ല. മറിച്ച് വിദ്വേഷ കുറ്റകൃത്യമാണ്. അത്തരം ആക്രമണങ്ങൾ കാണുമ്പോൾ തങ്ങൾ മൗനം പാലിക്കുമെന്ന് ആരും കരുതേണ്ട.
അതിനാൽ വിദ്വേഷ കുറ്റകൃത്യങ്ങളുണ്ടാകുന്ന രാജ്യങ്ങൾ ദൃഢനിശ്ചയത്തോടെ ഇസ്‍ലാമോഫോബിയക്കെതിരെ നിയമങ്ങളുണ്ടാക്കണം. ഇസ്‍ലാമോഫോബിയ തടയാൻ നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി ആവശ്യമുള്ള രാജ്യങ്ങൾ അത് ചെയ്യണമെന്നും ഉർദുഗാൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.