രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപതി മുർമു മുന്നിൽ
text_fieldsന്യൂഡൽഹി: രാജ്യത്തിന്‍റെ 15ാംമത് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി ദ്രൗപതി മുർമു മുന്നിൽ. എം.പിമാരുടെ വോട്ടിൽ 540 എണ്ണം മുർമു നേടിയതായി രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി മോഡി അറിയിച്ചു. ആകെ 748 വോട്ടുകളാണ് പാർലമെന്റിൽ പോൾ ചെയ്തത്. ഇതിൽ പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് 208 വോട്ടുകൾ ലഭിച്ചു.
3,78,000 ആണ് മുർമുവിന് ലഭിച്ച വോട്ടുകളുടെ മൂല്യം. യശ്വന്ത് സിൻഹയ്ക്ക് 1,45,600 വോട്ട് മൂല്യമാണ് പാർലമെന്റിൽ നിന്ന് ലഭിച്ചത്. പാർലമെന്റ് വോട്ടെണ്ണൽ അവസാനിച്ചതിന് പിന്നാലെ സംസ്ഥാന നിയമസഭകളിലെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. പാർലമെന്റ് ഹൗസിലെ 63-ാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ നടക്കുന്നത്.
ഫലസൂചന പുറത്തുവന്നതോടെ മുർമുവിന്റെ ജന്മനാടായ ഒഡീഷയിലെ റൈരംഗ്പൂരിൽ വിജയാഘോഷത്തിന് തുടക്കമായി.
രാവിലെ 11നാണ് വോട്ടെണ്ണൽ തുടങ്ങിയത്. ഈ മാസം 18നായിരുന്നു വോട്ടെടുപ്പ്. 99.18 ശതമാനം പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ 4,000ത്തിലധികം പേരാണ് വോട്ട് ചെയ്തത്.
ആദ്യം എം.എൽ.എമാരുടെയും പിന്നീട് എം.പിമാരുടെയും വോട്ടുകൾ വേർതിരിച്ച് സ്ഥാനാർഥികളുടെ വോട്ടുകൾ പ്രത്യേകം ട്രേയിലാക്കിയാണ് എണ്ണുന്നത്. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഭരണ കാലാവധി ഈ മാസം 24ന് അവസാനിക്കും. പ്രതിപക്ഷത്തെ ചില കക്ഷികളും പിന്തുണ പ്രഖ്യാപിച്ചതിനാൽ ദ്രൗപതി മുർമു വിജയം ഉറപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.