കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സുതാര്യമാക്കണം -ശശി തരൂരുൾപ്പെടെ അഞ്ച് എം.പിമാരുടെ കത്ത്
text_fieldsന്യൂഡൽഹി: എ.ഐ.സി.സി അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളിൽ സുതാര്യത ആവശ്യപ്പെട്ട് അഞ്ച് കോൺഗ്രസ് എം.പിമാർ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള മധുസൂദനൻ മിസ്ത്രിക്ക് കത്തെഴുതി. എല്ലാ വോട്ടർമാർക്കും സ്ഥാനാർഥികൾക്കും വോട്ടർ പട്ടിക സുരക്ഷിതമായി എത്തിച്ചു നൽകണമെന്നാണ് സംഘത്തിന്റെ ആവശ്യം.
സെപ്തംബർ ആറാം തീയതി കോൺഗ്രസ് എം.പിമാരായ ശശി തരൂർ, കാർത്തി ചിദംബരം, മനീഷ് തിവാരി, പ്രദ്യുത് ബർദോലി, അബ്ദുൽ ഖലേക്ക് എന്നിവർ ചേർന്നെഴുതിയ കത്തിൽ, വോട്ടർ പട്ടിക പുറത്തുവിടണമെന്ന ആവശ്യത്തെ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചു.
പാർട്ടിയുടെ ഒരു ആഭ്യന്തരരേഖകളും പാർട്ടിക്കെതിരായി ദുരുപയോഗം ചെയ്യപ്പെടും വിധം പുറത്തുവിടണം എന്നല്ല ആവശ്യപ്പെട്ടത്. നാമനിർദേശ പ്രക്രിയകൾ തുടങ്ങുന്നതിന് മുമ്പ്, പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി, ഇലക്ട്രൽ കോളജിൽ ഉൾപ്പെടുന്ന പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രതിനിധികളുടെ പട്ടിക നൽകണം. ആരാണ് സ്ഥാനാർഥികളെ നാമനിർദേശം ചെയ്യുന്നത്, ആരാണ് വോട്ട് ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങൾ വ്യക്തമാകാൻ ഈ പട്ടിക ആവശ്യമാണ്. അതേസമയം, വോട്ടർ പട്ടിക പരസ്യമാക്കുന്നതിൽ തെരഞ്ഞെടുപ്പ് അതോറിറ്റിക്ക് ആശങ്കയുണ്ടെങ്കിൽ പട്ടിക എല്ലാ വോട്ടർമാർക്കും സ്ഥാനാർഥികൾക്കും സുരക്ഷിതമായി എത്തിക്കാനുള്ള സൗകര്യമുണ്ടാക്കണം. വോട്ടർമാർക്കും സ്ഥാനാർഥികൾക്കും എല്ലാ 28 പി.സി.സികളിലും ഒമ്പത് യൂനിയൻ ടെറിട്ടോറിയൽ യൂനിറ്റുകളിലും ചെന്ന് വോട്ടർപ്പട്ടിക പരിശോധിക്കാനാകില്ല.
ഇങ്ങനെ വോട്ടർ പട്ടിക വോട്ടർമാരിൽ സുരക്ഷിതമായി എത്തിക്കുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയിലുണ്ടാകുന്ന അനാവശ്യ കൈകടത്തലുകൾ ഒഴിവാക്കാൻ സഹായിക്കും. ഇൗ ആവശ്യം നടപ്പാക്കിയാൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പെന്ന തങ്ങളുടെ ആവശ്യം പൂർത്തീകരിക്കപ്പെടുമെന്നും കത്തിൽ പറയുന്നു.
കത്തിൽ ഒപ്പിട്ട തരൂരും തിവാരിയും പാർട്ടിയിൽ അഴിച്ചുപണി ആവശ്യപ്പെട്ട് 2020ൽ സോണിയക്ക് കത്തെഴുതിയ 23 നേതാക്കളിൽ ഉൾപ്പെടുന്നവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.