ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു; ഉമർ അബ്ദുല്ല സർക്കാറിന് കളമൊരുങ്ങുന്നു
text_fieldsന്യൂഡൽഹി: ജമ്മു കശ്മീരിൽ ആറ് വർഷത്തോളമായി തുടരുന്ന രാഷ്ട്രപതി ഭരണം പിൻവലിക്കുന്നതായി കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്തിന് മുഖ്യമന്ത്രിയെ നിയമിക്കുന്നതിന് മുന്നോടിയായാണ് രാഷ്ട്രപതി ഭരണം അവസാനിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച രാത്രി പ്രസിദ്ധീകരിച്ച ഗസറ്റ് വിജ്ഞാപനത്തിൽ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വെള്ളിയാഴ്ച സർക്കാർ രൂപവത്കരണത്തിനായി അവകാശമുന്നയിച്ച് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്‍റ് ഉമർ അബ്ദുല്ല ലഫ്റ്റനന്‍റ് ഗവർണറെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പിട്ട ഉത്തരവ് പുറത്തിറങ്ങിയത്.
2018ൽ അന്നത്തെ രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്. ഗവർണർ ഭരണം ആറ് മാസം പിന്നിട്ട വേളയിലായിരുന്നു നടപടി. അതേവർഷം ജൂണിൽ മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സർക്കാർ തകർന്നതോടെയാണ് ഗവർണർ ഭരണം ഏറ്റെടുത്തത്. 1996നു ശേഷം ആദ്യമായായിരുന്നു കശ്മീരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. 2019ലാണ് സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്തത്. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും. രണ്ടാം തവണയാണ് ഉമര്‍ അബ്ദുല്ല മുഖ്യമന്ത്രിയാവുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് നിയമസഭാ കക്ഷി യോഗത്തിലായിരുന്നു ഈ തീരുമാനം. ഫാറൂഖ് അബ്ദുല്ലയാണ് ഉമര്‍ അബ്ദുല്ലയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്.
നിയമസഭാ തെരഞ്ഞടുപ്പിൽ ഇന്‍ഡ്യ സഖ്യം വൻ വിജയം നേടിയിരുന്നു. 90 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ചേർന്ന് ഇൻഡ്യാ മുന്നണിയുടെ ഭാഗമായാണ് നാഷണൽ കോൺഫറൻസ് മത്സരിച്ചത്. 48 സീറ്റുകളിൽ ഇൻഡ്യാ മുന്നണി വിജയിച്ചപ്പോൾ 29 സീറ്റുകൾ മാത്രമാണ് ബി.ജെ.പിക്ക് നേടാൻ കഴിഞ്ഞത്. സ്വതന്ത്രരും ഉമർ അബ്ദുല്ലക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പി.ഡി.പി മൂന്ന് സീറ്റുകൾ നേടി. പത്ത് വർഷങ്ങൾക്ക് ശേഷമാണ് ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.