പത്ര, ആനുകാലിക രജിസ്ട്രേഷൻ ബിൽ: മാരക വ്യവസ്ഥകളെന്ന് എഡിറ്റേഴ്സ് ഗിൽഡ്
text_fieldsന്യൂഡൽഹി: പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും നടത്തിപ്പിൽ കേന്ദ്ര സർക്കാറിന് അതിക്രമിച്ചു കടക്കാൻ കഴിയുന്ന മാരക വ്യവസ്ഥകൾ പത്ര, ആനുകാലിക രജിസ്ട്രേഷൻ ബില്ലിലുണ്ടെന്നാണ് രാജ്യത്തെ പത്രാധിപന്മാരുടെ കൂട്ടായ്മയായ എഡിറ്റേഴ്സ് ഗിൽഡ് കുറ്റപ്പെടുത്തുന്നത്. അതിനാൽ ബിൽ പാർലമെന്ററി സ്ഥിരസമിതിക്ക് വിടണമെന്ന് ഗിൽഡ് ആവശ്യപ്പെടുകയും ചെയ്തു. ഭീകരതക്കും നിയമവിരുദ്ധ പ്രവർത്തനത്തിനുമെതിരെ ഉപയോഗിക്കുന്ന യു.എ.പി.എയും ദേശദ്രോഹം അടക്കമുള്ള മറ്റു ക്രിമിനൽ നിയമങ്ങളും പത്രപ്രവർത്തകർക്കും മാധ്യമസ്ഥാപനങ്ങൾക്കുമെതിരെ ഉപയോഗിക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന വ്യവസ്ഥകൾ പുതിയ നിയമത്തിലുണ്ടെന്ന് ഗിൽഡ് ചൂണ്ടിക്കാട്ടി. നിയന്ത്രണാധികാരികൾക്ക് സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കനുസൃതമായി മാധ്യമങ്ങളിൽ ഇടപെടാനും അവ അടച്ചുപൂട്ടിക്കാനും അവക്ക് വാർത്ത ഏജൻസികളുടെ ഓഫിസിൽ കടന്നുകയറാനും വിപുലമായ അധികാരങ്ങൾ നൽകുന്നതാണ് ബിൽ എന്നും ഗിൽഡ് കുറ്റപ്പെടുത്തി.
എന്നാൽ, തീവ്രവാദ കേസിൽപ്പെട്ടവരെ പത്രം നടത്താൻ അനുവദിക്കരുതെന്നും അവരെ ജയിലിലയക്കുകയാണ് വേണ്ടതെന്നും എഡിറ്റേഴ്സ് ഗിൽഡിന്റെ വിമർശനത്തിന് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുർ സഭയിൽ മറുപടി നൽകി. കൂടുതൽ പേരെ പത്രമേഖലയിലേക്ക് കൊണ്ടുവരുന്നതാണ് ബിൽ എന്നും പത്രത്തിന്റെ രജിസ്ട്രേഷന് രണ്ടുവർഷം എടുത്തിരുന്നത് ഇനി രണ്ടു മാസമായി ചുരുങ്ങുമെന്നും ഠാകുർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.