ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ അറസ്റ്റ്: അപലപിച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ
text_fieldsന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്ത ഡൽഹി പൊലീസ് നടപടിയെ അപലപിച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ (പി.സി.ഐ). 2018ലെ ട്വീറ്റ് മതവികാരം വ്രണപ്പെടുത്തുന്നതും പ്രകോപനപരമുണ്ടാക്കുന്നതുമാണെന്നും കാണിച്ചാണ് സുബൈറിനെ തിങ്കളാഴ്ച ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ജർമനിയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ ഓൺലൈൻ, ഓഫ് ലൈൻ മാധ്യമങ്ങൾ വഴിയുള്ള ആവിഷ്കാരസ്വാതന്ത്ര്യ സംരക്ഷണത്തിനായി ആഹ്വാനം ഉയർന്ന അതേസമയത്താണ് സുബൈറിന്റെ അറസ്റ്റ് എന്നും പി.സി.ഐ ചൂണ്ടിക്കാട്ടി. ഉച്ചകോടിയിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിനായി നിലകൊള്ളുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കിയിരുന്നതായും പി.സി.ഐ പറഞ്ഞു.
ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകങ്ങളിൽ ഒന്നാണ്. ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കുമെന്ന് ലോകനേതാക്കൾക്കൊപ്പം മോദി പ്രഖ്യാപിച്ച അതേ വേളയിൽ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്ത ഡൽഹി പൊലീസിന്റെ നടപടി വൈരുധ്യാത്മകമാണ്. ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കുമെന്ന പ്രധാനമന്ത്രിയുടെ നിലപാടിനൊപ്പമല്ലേ ഡൽഹി പൊലീസും കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ ചോദിച്ചു.
മുഖ്യധാരാ മാധ്യമങ്ങൾ മറച്ചുവെച്ചതും വസ്തുതവിരുദ്ധമായി റിപ്പോർട്ട് ചെയ്തതുമായ വാർത്തകളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ 2017ലാണ് ആൾട് ന്യൂസ് സ്ഥാപിച്ചത്. ഈ ദൗത്യം ആൾട് ന്യൂസ് ഭംഗിയായി തുടരുകയും ചെയ്തു. 2018ൽ നടത്തിയ ട്വീറ്റിന്റെ പേരിലാണ് സുബൈറിനെ അറസ്റ്റ് ചെയ്തത് എന്നത് ഖേദകരമാണ്. എത്രയും വേഗം മുഹമ്മദ് സുബൈറിനെ ഡൽഹി പൊലീസ് മോചിപ്പിക്കണമെന്നും പി.സി.ഐ പ്രസിഡന്റ് ഉമാകാന്ത് ലഖേരയും സെക്രട്ടറി ജനറൽ വിനയ് കുമാറും ആവശ്യപ്പെട്ടു. ആക്റ്റിവിസ്റ്റ് ടീസ്റ്റ സെറ്റൽവാദിനെ അറസ്റ്റ് ചെയ്ത നടപടിയെയും പി.സി.ഐ അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.