12 വർഷത്തിനിപ്പുറം പാകിസ്താൻ ജയിലിൽനിന്ന് കുടുംബത്തിന് 'മരിച്ച' യുവാവിന്‍റെ കത്ത്
text_fieldsന്യൂഡൽഹി: മരിച്ചെന്ന് കരുതി അന്ത്യകർമങ്ങൾ ചെയ്ത കുടുംബത്തിന് 12 വർഷത്തിനുശേഷം പാകിസ്താൻ ജയിലിൽനിന്ന് യുവാവിന്‍റെ കത്ത്. ബിഹാർ ബക്സർ ജില്ലയിലെ ഖിലാഫത്ത്പുർ സ്വദേശിയായ ചാവിയെ 18ാം വയസ്സിലാണ് കാണാതാവുന്നത്. ഈസമയത്ത് ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു.
ഒരു തുമ്പും അവശേഷിപ്പിക്കാതെയാണ് ചാവി നാടുവിടുന്നത്. നാടു മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പൊലീസിലും പരാതി നൽകി. ചാവി ഉടൻ വരുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നെങ്കിലും കുടുംബത്തിന്‍റെ പ്രാർഥന ഫലം കണ്ടില്ല. വർഷങ്ങൾ കഴിഞ്ഞിട്ടും വരാതായതോടെ മരിച്ചെന്ന് കരുതി കുടുംബം ചാവിയുടെ അന്ത്യകർമങ്ങൾ ചെയ്തു. എന്നാൽ, 12 വർഷത്തിനിപ്പുറം കുടുംബത്തിന്‍റെ പ്രാർഥനക്ക് ഉത്തരം കിട്ടിയിരിക്കുന്നു.
പാകിസ്താൻ ജയിലിൽനിന്ന് ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനിലേക്കാണ് ചാവിയുടെ പേരിൽ കത്ത് ലഭിച്ചത്. ഖിലാഫത്ത്പുർ സ്വദേശിയായ ചാവിയുടെ പേരിൽ പാകിസ്താൻ ജയിലിൽനിന്ന് ഒരു കത്ത് ലഭിച്ചതായി പൊലീസ് കുടുംബത്തെ അറിയിക്കുകയായിരുന്നു. ചാവി ജീവനോടെയുണ്ടെന്നറിഞ്ഞതിന്‍റെ സന്തോഷത്തിലാണ് കുടുംബം. ഉടൻ നാട്ടിലെത്തുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് അവർ. സ്പെഷൽ ബ്രാഞ്ചിൽനിന്നാണ് കത്ത് ലഭിച്ചതെന്നനും പാകിസ്താനിൽ ചാവി കഴിയുന്ന ജയിൽ എവിടെയാണെന്നതിനെ കുറിച്ച് കൃത്യമായ വിവരമില്ലെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.