മുൻ സർക്കാറുകൾ പഞ്ചാബിനെ കൊള്ളയടിച്ചു- അരവിന്ദ് കെജ്രിവാൾ
text_fieldsചണ്ഡീഗഡ്: മുൻ സർക്കാറുകൾ പഞ്ചാബിനെ കൊള്ളയടിച്ചുവെന്ന് ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഭഗവന്ത് മൻ സംസ്ഥാനത്തിന്‍റെ വികസനത്തിന് വേണ്ടിയാണ് പണം ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വികാസ് ക്രാന്തി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചാബിലെ ഹോഷിയാർപൂർ ലോക്സഭ മണ്ഡലത്തിൽ 867 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിട്ടു. മണ്ഡലത്തിന് ചരിത്രപരമായ ദിവസമാണിതെന്നും കഴിഞ്ഞ 75 വർഷത്തിനുള്ളിൽ മറ്റൊരു സർക്കാറും ഇത്തരം വികസന പദ്ധതിക്ക് തുടക്കമിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളജ്, ജലവിതരണ, മലിനജല ശുദ്ധീകരണ പ്ലാന്റുകൾ, കളിസ്ഥലങ്ങൾ, മറ്റ് വികസന പദ്ധതികൾ എന്നിവയൊക്കെ 867 കോടിയുടെ പാക്കേജിനുള്ളിൽ വരുമെന്ന് കെജ്‌രിവാൾ വ്യക്തമാക്കി.
ഹോഷിയാർപൂർ മണ്ഡലത്തിലെ എം.പി സോം പ്രകാശ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജനങ്ങളെ കണ്ടിട്ടുണ്ടോ എന്നും മുൻ മുഖ്യമന്ത്രി അമരേന്ദർ സിങ് മണ്ഡലത്തിൽ മുഖം കാണിക്കുകയെങ്കിലും ചെയ്തിട്ടുണ്ടോ എന്നും 10 വർഷം ഭരണത്തിലുണ്ടായിരുന്ന പ്രകാശ് സിങ് ബാദൽ എന്നെങ്കിലും ഹോഷിയാർപൂരിൽ വന്നിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. എന്നാൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഭഗവന്ത് മൻ നിരവധി തവണ മണ്ഡലത്തിൽ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബിൽ ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളിൽ നിരവധി പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും സംസ്ഥാനത്ത് വിപ്ലവം വരാൻ പോകുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.