യു.പിയിൽ വി.എച്ച്.പി പരാതിയിൽ ക്രിസ്ത്യൻ പുരോഹിതനടക്കം 10 പേർ അറസ്റ്റിൽ
text_fieldsബരാബങ്കി: സംഘ്പരിവാർ സംഘടനയായ വിശ്വ ഹിന്ദു പരിഷത് (വി.എച്ച്.പി) നൽകിയ പരാതിയിൽ ഉത്തർ പ്രദേശിൽ ക്രിസ്ത്യൻ പുരോഹിതനടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിസ്തുമതത്തിലേക്ക് ആളുകളെ പ്രലോഭിപ്പിച്ച് മതപരിവർത്തനം നടത്തിയെന്നാരോപിച്ചാണ് കർണാടക മംഗലാപുരം സ്വദേശിയായ ഫാ. ഡൊമിനിക് പിൻ്റു അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്.
ബരാബങ്കി ജില്ലയിലെ ചഖർ ഗ്രാമത്തിൽ നിന്ന് ബുധനാഴ്ചയാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. മതപരിവർത്തന കേസിൽ 16 പേരെ പ്രതികളാക്കിയിട്ടുണ്ടെന്നും ഇതിൽ ഒരു പുരോഹിതൻ ഉൾപ്പെടെ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അഡീഷണൽ പൊലീസ് സൂപ്രണ്ട് എസ്.എൻ. സിൻഹ പറഞ്ഞു.
ഗ്രാമത്തിൽ കൂട്ട മതപരിവർത്തനം നടക്കുന്നുവെന്ന വി.എച്ച്.പി ജില്ല പ്രസിഡൻ്റ് ബ്രിജേഷ് കുമാർ വൈഷിന്റെ പരാതിയിലാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. ഉത്തർ പ്രദേശ് മതപരിവർത്തന നിരോധന നിയമപ്രകാരമാണ് ഫാ. ഡൊമിനിക് പിൻ്റു അടക്കമുള്ളവർക്കെതിരെ കേസെടുത്തത്.
അതിനിടെ, ഗുജറാത്തിലും ക്രിസ്ത്യാനികൾക്കെതിരെ മതപരിവർത്തന ആരോപണവുമായി വി.എച്ച്.പി രംഗത്തെത്തി. നർമദ ജില്ലയിലെ ഗ്രാമങ്ങളിൽ മതപരിവർത്തനം നടത്തുന്നുവെന്നാണ് പ്രചാരണം. ഫെബ്രുവരി 11ന് സാൻഗ്ലിയിൽ ക്രിസ്ത്യൻ സമൂഹം സംഘടിപ്പിക്കുന്ന ‘ആത്മിക് ജാഗൃതി സഭ’ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ നർമദ ജില്ല കലക്ടർക്ക് നിവേദനം നൽകി.
ദെദിയാപദ താലൂക്കിലെ ആദിവാസികളുടെ മതപരിവർത്തനം നടത്താനാണ് പരിപാടി നടത്തുന്നതെന്നാണ് വി.എച്ച്.പിയുടെ ആരോപണം. പരിപാടിയിൽ വിശ്വഹിന്ദു പരിഷത്ത് സെക്രട്ടറി ഗൗതം പട്ടേൽ പ്രതിഷേധം പ്രകടിപ്പിച്ചു. ‘പരിപാടി നടത്തുന്നത് തടയണമെന്ന് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ, പരിപാടിക്കെതിരെ സംസാരിക്കാൻ ശ്രമിച്ച ഗ്രാമവാസികളെ മർദിച്ചതായി റിപ്പോർട്ടുണ്ട്. അതിനാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്ന് കലക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്’ -വി.എച്ച്.പി നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.