സി.എ.എ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതർക്ക് നൽകാനാകുമെന്ന് കേന്ദ്ര സർക്കാർ ഹെൽപ് ലൈൻ
text_fieldsന്യൂഡൽഹി: 2019ലെ പൗരത്വ ഭേദഗതി നിയമം (സി.എ.എ) പ്രകാരം പൗരത്വത്തിന് അപേക്ഷിക്കുന്നവർക്കുള്ള “യോഗ്യതാ സർട്ടിഫിക്കറ്റ്” പ്രാദേശിക മതപുരോഹിതന് നൽകാനാകുമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ സി.എ.എ ഹെൽപ്പ് ലൈനിൽ നിന്നാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് 'ദി ഹിന്ദു' റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ പൗരത്വം നേടാൻ ആഗ്രഹിക്കുന്നതിനുള്ള കാരണങ്ങൾ വ്യക്തമാക്കാൻ അപേക്ഷകൻ സി.എ.എ പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ട സത്യവാങ്മൂലത്തിനും മറ്റ് രേഖകൾക്കുമൊപ്പം ചേർക്കേണ്ട നിർബന്ധിത രേഖയാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രാദേശികമായി പ്രസിദ്ധമായ ഒരു കമ്മ്യൂണിറ്റി സ്ഥാപനമാണ് യോഗ്യതാ സർട്ടിഫിക്കറ്റ് നൽകേണ്ടത്. മാർച്ച് 26ന് 'ദി ഹിന്ദു' ഇതിന്‍റെ ഫോർമാറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കാൻ ഹെൽപ്പ് ലൈനിലേക്ക് വിളിച്ചപ്പോഴാണ് വിവരം ലഭിച്ചത്. ശൂന്യമായ കടലാസിലോ 10 രൂപയുടെ സ്റ്റാമ്പ് മൂല്യമുള്ള ഒരു മുദ്രപ്പത്രത്തിലോ യോഗ്യത സർട്ടിഫിക്കറ്റ് നൽകാം. ആർക്കാണ് സർട്ടിഫിക്കറ്റ് നൽകാൻ കഴിയുക എന്ന് ചോദിച്ചപ്പോൾ, ഏത് പ്രാദേശിക പുരോഹിതനോടും അത് നൽകാൻ ആവശ്യപ്പെടാം എന്നായിരുന്നു മറുപടി.
സർട്ടിഫിക്കറ്റ് നൽകുന്ന വ്യക്തി പേരും വിലാസവും വ്യക്തമാക്കണമെന്നും അപേക്ഷകൻ സി.എ.എ നിയമത്തിൽ പറയുന്ന മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ആറ് മതവിഭാഗങ്ങളിൽ ഉൾപ്പെട്ട ഒരാളാണെന്ന് അറിയാമെന്നും പുരോഹിതൻ സ്ഥിരീകരിക്കണമെന്നും ഫോമിൽ പറയുന്നു. തന്‍റെ അറിവിലും വിശ്വാസത്തിലും അപേക്ഷകർ ഹിന്ദു/സിഖ്/ബുദ്ധ/ജൈന/പാഴ്സി/ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ടവരാണെന്നും മുകളിൽ സൂചിപ്പിച്ച സമുദായത്തിൽ അംഗമായി തുടരുന്നുവെന്നും സാക്ഷ്യപ്പെടുത്തണം.
2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലെത്തിയ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‌ലിം ഇതര കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതാണ് 2019 ഡിസംബറിൽ പാസാക്കിയ പൗരത്വ ഭേദഗതി നിയമം. മുസ്‌ലിം വിഭാഗത്തെ നിയമത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിയതിൽ ലോകത്തിന്‍റെ പല ഭാഗത്തുനിന്നും വലിയ വിമർശനമാണ് കേന്ദ്ര സർക്കാറിനെതിരെ ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.