അസം പൊലീസ് സ്റ്റേഷൻ ആക്രമണം; മുഖ്യപ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ അപകടത്തിൽ മരിച്ചെന്ന് പൊലീസ്
text_fieldsന്യൂഡൽഹി: അസമിലെ ബതദ്രവ പൊലീസ് സ്റ്റേഷൻ അക്രമിച്ച കേസിലെ പ്രധാനപ്രതി ആഷിഖ്ഉൾ ഇസ്ലാം കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ അപകടത്തിൽ മരിച്ചതായി പൊലീസ്. പ്രതി രക്ഷപ്പെടാൻ ശ്രമിക്കവെ അകമ്പടിയായി വന്ന വാഹനം ഇടിച്ച് മരിക്കുകയായിരുന്നെന്നാണ് പൊലീസ് അറിയിച്ചത്.
ആഷിഖ്ഉൾ ഇസ്ലാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും അപകടത്തിൽ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കു പറ്റിയതായും നാഗോൺ പൊലീസ് മേധാവി ലീന ഡോലെ പറഞ്ഞു.
ഞാറാഴ്ചയാണ് അസ്ലമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ജുരിയയിലെ വീട്ടിലെത്തിച്ച് തെളിവെടുക്കുകയും രണ്ട് തോക്കുകൾ കണ്ടെടുക്കുകയും ചെയ്തിരുന്നു.
നേരത്തെ സഫീഖുൽ ഇസ്ലാം എന്ന മത്സ്യവ്യാപാരി പൊലീസ് കസ്റ്റഡിയിൽ മരിച്ചിരുന്നു. എന്നാൽ പൊലീസ് ഇയാളോട് കൈക്കൂലി ആവശ്യപ്പെട്ടു എന്നും നൽകാനില്ലാത്തതിനാൽ കസ്റ്റഡിയിൽ വെച്ച് കൊന്നുകളഞ്ഞതാണെന്ന് ആരോപിച്ച് ജനക്കൂട്ടം ബതദ്രവ പൊലീസ് സ്റ്റേഷൻ അക്രമിക്കുകയും തീയിടുകയുമായിരുന്നു. സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു.
എന്നാൽ പൊലീസ് പ്രതിഷേധക്കാരുടെ വാദം തള്ളുകയായിരുന്നു. പരസ്യമായി മദ്യപിക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് സഫീഖുൽ ഇസ്ലാമിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നെന്ന് സംസ്ഥാന പൊലീസ് മേധാവി ജ്യോതി മഹന്ത ട്വീറ്റ് ചെയ്തു. അക്രമണം പ്രതിഷേധത്തിന്‍റെ ഭാഗമായി നടന്നതല്ലെന്നും രേഖകൾ നശിപ്പിക്കുന്നതിനുള്ള ക്രിമിനൽ ഗൂഡാലോചനയുടെ ഭാഗമാണിതെന്നുമാണ് പൊലീസ് പറയുന്നത്.
കൂടാതെ സഫീഖുൽ ഇസ്ലാമിന്‍റെ ഭാര്യക്കെതിരെയും നിയമവിരുദ്ധപ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. തുടർന്ന് അക്രമണത്തിൽ ഏർപ്പെട്ടെന്ന് ആരോപിക്കുന്ന മൂന്ന് പേരുടെ വീടുകൾ അസം പൊലീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തിരുന്നു. കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് വീടുകൾ പൊളിച്ചതെന്നാണ് സർക്കാറിന്‍റെ വിശദീകരണം.
കഴിഞ്ഞ വർഷം മേയിൽ ഹിമന്ത ബിശ്വ ശർമ സർക്കാർ അധികാരത്തിൽ വന്ന ശേഷം പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയോ നിയമപാലകരെ അക്രമിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നതിനിടയിൽ പൊലീസ് നടപടിയിൽ കുറഞ്ഞത് 48 പേർ മരിക്കുകയും 116 പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.