‘നിശബ്ദരാക്കപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും എം.ടി ശബ്ദം നൽകി’; അനുശോചിച്ച് പ്രധാനമന്ത്രി മോദി
text_fieldsന്യൂഡൽഹി: എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാള സിനിമയിലെയും സാഹിത്യത്തിലെയും ഏറ്റവും ആദരണീയനായ വ്യക്തിത്വങ്ങളിൽ ഒരാളായ എം.ടിയുടെ വിയോഗത്തിൽ ദുഖമുണ്ടെന്ന് മോദി എക്സിൽ കുറിച്ചു.
എം.ടിയുടെ കൃതികൾ തലമുറകളെ രൂപപ്പെടുത്തിയെന്നും ഇനിയും കൂടുതൽപേരെ പ്രചോദിപ്പിക്കുമെന്നും മോദി അഭിപ്രായപ്പെട്ടു. ‘മനുഷ്യവികാരങ്ങളെ ആഴത്തില്‍ വിലയിരുത്തിയ അദ്ദേഹത്തിന്റെ കൃതികള്‍ തലമുറകളെ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചു. ഇനിയും ഒരുപാടുപേരെ പ്രചോദിപ്പിക്കും. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും നിശബ്ദരാക്കപ്പെട്ടവര്‍ക്കും അദ്ദേഹം ശബ്ദം നല്‍കി. കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നു’ -മോദി എക്സിൽ കുറിച്ചു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി പത്തിനാണ് എം.ടി വിട പറഞ്ഞത്. മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചുമകന്‍ മാധവും സമീപത്തുണ്ടായിരുന്നു. മലയാളത്തിന്റെ പ്രിയ എഴുത്തുകാരനെ അവസാനമായൊന്ന് കാണാൻ കോഴിക്കോട് കൊട്ടാരം റോഡിലെ ‘സിതാര’യിൽ നാനാതുറകളിലുള്ളവർ ഒഴുകിയെത്തുകയാണ്. വ്യാഴാഴ്ച പുലർച്ചെ 5.30ന് തന്നെ നടൻ മോഹൻലാൻ ‘സിതാര’യിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, സംവിധായകൻ ഹരിഹരൻ, എഴുത്തുകാരായ പി.കെ. പാറക്കടവ്, കൽപറ്റ നാരായണൻ, ആലങ്കോട് ലീലാകൃഷ്ണൻ, യു.കെ. കുമാരൻ, എം.എം. ബഷീർ, കെ.പി. സുധീര, പി.ആർ. നാഥൻ, കെ.സി. നാരായണൻ, ഗോവ ഗവർണർ ശ്രീധരൻ പിള്ള, എം.പി. അബ്ദുസമദ് സമദാനി എം.പി തുടങ്ങിയവർ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു.
സംസ്കാരം വൈകീട്ട് അഞ്ചിന് കോഴിക്കോട് ബസ്‍സ്റ്റാൻഡിന് സമീപമുള്ള മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. ഡിസംബർ 15ന് ശ്വാസകോശ സംബന്ധിയായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാഹിത്യരംഗത്ത് ഇന്ത്യയില്‍ നല്‍കപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995ല്‍ എം.ടി.ക്ക് ലഭിച്ചിരുന്നു. 2005ല്‍ രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (കാലം), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (നാലുകെട്ട്), വയലാര്‍ അവാര്‍ഡ് (രണ്ടാമൂഴം), മാതൃഭൂമി പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം എന്നിങ്ങനെ എണ്ണപ്പെട്ട പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.