യശോഭൂമി കൺവെൻഷൻ സെന്റർ രാഷ്ട്രത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: ഡൽഹിയിലെ ദ്വാരകയിൽ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സ്‌പോ സെന്റർ സ്ഥിതി ചെയ്യുന്ന യശോഭൂമിയുടെ (ഐ.ഐ.സി.സി) ആദ്യഘട്ട ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. 73-ാം ജന്മദിനത്തിലാണ് പ്രധാനമന്ത്രി യശോഭൂമി രാഷ്ട്രത്തിന് സമർപ്പിച്ചത്. കൂടാതെ, ദ്വാരക സെക്ടർ 21ൽ നിന്നും സെക്ടർ 25ലേക്ക് നീട്ടിയ ഡൽഹി എയർപോർട്ട് മെട്രോ എക്‌സ്‌പ്രസ് ലൈനിന്‍റെയും പുതിയ മെട്രോ സ്റ്റേഷനായ ‘യശോഭൂമി ദ്വാരക സെക്ടർ 25’ന്റെയും ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു.
1.8 ലക്ഷം ചതുരശ്ര മീറ്റർ നിർമാണ സൗകര്യം അടക്കം 8.9 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ലോകത്തിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്ററാണ് ദ്വാരകയിലെ യശോഭൂമി. യോഗങ്ങൾ, സമ്മേളനങ്ങൾ, എക്സിബിഷനുകൾ അടക്കം നടത്താൻ ഇവിടെ സൗകര്യമുണ്ട്. 73,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള കൺവെൻഷൻ സെന്റർ, പ്രധാന ഓഡിറ്റോറിയം, ബോൾ റൂം, 11,000 പ്രതിനിധികളെ ഉൾക്കൊള്ളാൻ കഴിയുന്ന 13 മീറ്റിങ് റൂമുകൾ ഉൾപ്പെടെ 15 കൺവെൻഷൻ റൂമുകളാണുള്ളത്.
ഓഡിറ്റോറിയം
കൺവെൻഷൻ സെന്ററിന്റെ പ്ലീനറി ഹാളിലാണ് പ്രധാന ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്നത്. ഏകദേശം 6,000 അതിഥികൾക്ക് ഇരിക്കാൻ ഓഡിറ്റോറിയത്തിൽ സൗകര്യമുണ്ട്. ആവശ്യാനുസരണം മാറ്റം വരുത്താവുന്ന ഓട്ടോമാറ്റിക് സീറ്റിങ് സംവിധാനമാണ് ക്രമീകരിച്ചിട്ടുള്ളത്.
ബോൾ റൂം
പെറ്റൽ സീലിങ് കൊണ്ട് തയാറാക്കിയ ബോൾ റൂമിന് ഏകദേശം 2,500 അതിഥികൾക്ക് ആതിഥേയത്വം വഹിക്കാൻ കഴിയും. കൂടാതെ 500 പേർക്ക് ഇരിക്കാവുന്ന അധിക ഓപ്പൺ ഏരിയയും ഉണ്ട്. എട്ട് നിലകളിലായി വ്യാപിച്ചു കിടക്കുന്ന 13 മീറ്റിങ് റൂമുകൾ വിവിധ തരത്തിലുള്ള യോഗങ്ങൾ നടത്താനായി രൂപകൽപന ചെയ്തിട്ടുണ്ട്. കൂടാതെ, 1.07 ലക്ഷം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ എക്സിബിഷൻ ഹാളുകളും യശോഭൂമിയിലുണ്ട്. ഗ്രാൻഡ് ഫോയർ സ്‌പെയ്‌സുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ ഹാളുകളിൽ എക്‌സിബിഷനുകൾ, വ്യാപാര മേളകൾ, ബിസിനസ് ഇവന്റുകൾ എന്നിവ സംഘടിപ്പിക്കാം. ഫോയറിൽ മീഡിയ റൂം, വി.വി.ഐ.പി ലോഞ്ച്, ക്ലോക്ക് സൗകര്യം, സന്ദർശക വിവര കേന്ദ്രം, ടിക്കറ്റിങ് കൗണ്ടർ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.