‘പ്രധാനമന്ത്രീ, ആ 91നെ വിട്ടേക്കൂ..എന്നിട്ട് ഈ കണക്കുകളെക്കുറിച്ച് സംസാരിക്കൂ..’ -മോദിക്ക് മറുപടിയുമായി രാഹുൽ
text_fieldsബെംഗളൂരു: കോൺഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചു എന്ന് പരിതപിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി. 91 എന്ന സംഖ്യയിൽ ഊന്നി നിൽക്കാതെ പാചക വാതകം, പെട്രോൾ, പാചക എണ്ണ എന്നിവയുടെ വിലവർധനയും തൊഴിലില്ലായ്മയും രാജ്യത്തെ ദാരിദ്യത്തിന്റെ തോതുമൊക്കെ സൂചിപ്പിക്കുന്ന അക്കങ്ങളിലേക്ക് നോക്കാനാണ് മോദിയെ രാഹുൽ ഗാന്ധി ഉപദേശിച്ചത്. കോൺഗ്രസ് കുറ്റപ്പെടുത്തിയതിന്റെ കണക്കുകൾ നിരത്തുന്നതിനുപകരം ഈ തെരഞ്ഞെടുപ്പുകാലത്ത് കർണാടകയിലെ ജനങ്ങളെക്കുറിച്ച് സംസാരിക്കാനും രാഹുൽ, മോദിയോട് ആവശ്യപ്പെട്ടു.
‘ഗ്യാസ് സിലിണ്ടറിന് വില 400 രൂപയിൽനിന്ന് 1100ലെത്തിയിരിക്കുന്നു. പെട്രോൾവില 70ൽനിന്ന് 102ലെത്തി. കുക്കിങ് ഓയിലിന്റെ വില 60 രൂപയിൽനിന്ന് 200 രൂപയായി. 42 ശതമാനം യുവജനങ്ങൾ തൊഴിലില്ലാത്തവരായിരിക്കുന്നു. 40 കോടി ജനം വീണ്ടും ദരിദ്രരായി മാറി. 90 ലക്ഷം ചെറുകിട വ്യാപാരങ്ങൾ അടച്ചുപൂട്ടപ്പെട്ടു....
പ്രധാനമന്ത്രീ, ആ 91നെ വിട്ടേക്കൂ..എന്നിട്ട് ഈ കണക്കുകളിലേക്ക് നോക്കൂ. ഇപ്പോൾ കർണാടകയിലെ ജനങ്ങളെക്കുറിച്ച് സംസാരിക്കൂ..’ -രാഹുൽ ട്വീറ്റ് ചെയ്തു.
കർണാടകയെക്കുറിച്ച് നിങ്ങൾ എന്തെങ്കിലുമൊക്കെ പറയൂ. ഈ ലോകത്ത് നരേന്ദ്ര മോദി എന്നൊരാൾ മാത്രമല്ല ഉള്ളത്. മറ്റുള്ളവരും കൂടിയുണ്ടെന്ന് മനസ്സിലാക്കൂ. ബി.ജെ.പിയിലുള്ള നിങ്ങളുടെ സ്വന്തം നേതാക്കളെക്കുറിച്ച് സംസാരിക്കൂ. കർണാടകയെപ്പറ്റി പറയൂ. വാചാലനാകുമ്പോൾ 70 ശതമാനവും നിങ്ങളെക്കുറിച്ച് പറഞ്ഞോളൂ. എന്നാൽ, 30 ശതമാനമെങ്കിലും കർണാടകയെ കുറിച്ച് സംസാരിക്കൂ. എങ്കിൽ ഞങ്ങളത് അംഗീകരിക്കാം.
നിങ്ങൾ അരമണിക്കൂറോ ഒരു മണിക്കൂറോ സംസാരിച്ചോളൂ. അതിൽ 70 ശതമാനവും നിങ്ങളെക്കുറിച്ചുതന്നെ പറഞ്ഞോളൂ. കോൺഗ്രസ് എന്നെ അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു, അതിൽ ഞാൻ വളരെ ദുഃഖിതനാണ് എന്നൊക്കെ ആളുകളോട് പറഞ്ഞോളൂ. അല്ലെങ്കിൽ, തനിക്ക് വളരെ സ്വാധീനമുള്ള സുഹൃത്തുക്കളുണ്ട് എന്നതും ആളുകളെ അറിയിക്കാം. അദാനിജിയുമായി തനിക്ക് വളരെ നല്ല ബന്ധമാണുള്ളതെന്ന് പറയാം. തന്നെക്കുറിച്ചുതന്നെ എന്തൊക്കെ പറയാൻ ആഗ്രഹിക്കുന്നുവോ, അതെല്ലാം പറയാം. എന്നാൽ, ബാക്കി 30 ശതമാനം സമയമെങ്കിലും കർണാടകയിലെ യുവാക്കളെക്കുറിച്ച് പറയൂ. ഇവിടുത്തെ സ്ത്രീകളെക്കുറിച്ച് സംസാരിക്കൂ. ഈ മണ്ണിൽ വിയർപ്പൊഴുക്കുന്ന കർഷകരെക്കുറിച്ച് പറയൂ. ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെക്കൂ.’ -കർണാടകയിലെ ഒരു പൊതുയോഗത്തിൽ താൻ സംസാരിക്കുന്ന ദൃശ്യങ്ങൾ ട്വീറ്റിനൊപ്പം രാഹുൽ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.