ട്രംപിനെ അഭിനന്ദിച്ച് മോദി; ‘ആഗോള സമാധാനത്തിനായി ഒരുമിച്ച് ശ്രമിക്കാം’
text_fieldsന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്സിലാണ് മോദി ട്രംപിനെ അഭിനന്ദിച്ചത്. ലോകമെമ്പാടുനിന്നും ട്രംപിന് ആശംസകൾ പ്രവഹിക്കുകയാണ്. ‘ഹൃദയംഗമമായ അഭിനന്ദനങ്ങൾ സുഹൃത്തേ’, യു.എസ് മുൻ സന്ദർശനത്തിൽ ട്രംപുമെത്തുള്ള ചിത്രങ്ങളും മോദി പങ്കുവെച്ചു. ഇന്ത്യയും യു.എസും തമ്മിലുള്ള ശക്തമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി മോദി ട്വീറ്റിൽ പറഞ്ഞു.
‘നിങ്ങളുടെ മുൻ ടേമിലെ വിജയങ്ങളിൽ നിങ്ങൾ എത്തുമ്പോൾ, ഇന്ത്യ-യു.എസ് സമഗ്രമായതും തന്ത്രപരമായതുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഞങ്ങളുടെ സഹകരണം പുതുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമുക്ക് ഒരുമിച്ച്, നമ്മുടെ ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനത്തിനും സ്ഥിരതക്കുമായി ശ്രമിക്കാം’. മോദി എക്സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ പറഞ്ഞു.
അമേരിക്കൻ ചരിത്രത്തിൽ ഒരിക്കൽ തോൽവി അറിഞ്ഞ പ്രസിഡന്‍റ് വീണ്ടും അധികാരത്തിലെത്തുന്നത് 127 വർഷങ്ങൾക്കുശേഷം ആദ്യമാണ്. നോർത്ത് കാരോലൈന, ജോർജിയ, പെൻസിൽവാനിയ എന്നിവിടങ്ങളിൽ ട്രംപ് വൻവിജയമാണ് നേടിയത്. ഫ്ലോറിഡയിൽ അണികളെ അഭിസംബോധന ചെയ്ത ട്രംപ്, അമേരിക്കയുടെ സുവർണയുഗമാണിതെന്ന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.