''ബോധ്യപ്പെടുത്താൻ ശ്രമിച്ചു; നടന്നില്ല''
text_fieldsഅഞ്ചു പതിറ്റാണ്ടു നീണ്ട എെൻറ പൊതുജീവിതത്തിനിടയിൽ കർഷകർ നേരിടുന്ന വെല്ലുവിളികൾ അടുത്തു കണ്ടിട്ടുണ്ട്. 2014ൽ പ്രധാനമന്ത്രിയായി രാജ്യത്തെ സേവിക്കാൻ അവസരം തന്നപ്പോൾ, കാർഷിക വികസനത്തിനും കർഷക ക്ഷേമത്തിനും ഞങ്ങൾ മുൻഗണന നൽകിയത് അതുകൊണ്ടാണ്. മിനിമം താങ്ങുവില വർധിപ്പിക്കുക മാത്രമല്ല, സംഭരണ കേന്ദ്രങ്ങളുടെ എണ്ണത്തിൽ റെക്കോഡ് തന്നെ സൃഷ്ടിച്ചു. ഉൽപന്നത്തിന് ശരിയായ വില കിട്ടുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു. ഗ്രാമീണ വിപണന സംവിധാനങ്ങൾ ശക്തിപ്പെടുത്തി.
കർഷകരുടെ സ്ഥിതി മെച്ചപ്പെടുത്താനുള്ള വലിയ ശ്രമത്തിെൻറ ഭാഗമായാണ് മൂന്നു കാർഷിക നിയമങ്ങൾ കൊണ്ടുവന്നത്. കർഷകരെ, പ്രത്യേകിച്ച് ചെറുകിട കർഷകരെ ശക്തിപ്പെടുത്തുകയായിരുന്നു മൂന്നു കാർഷിക നിയമങ്ങളുടെയും ലക്ഷ്യം. കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾക്ക് ശരിയായ വില കിട്ടണം. വിൽക്കാൻ പരമാവധി സാധ്യതകൾ തുറന്നു കൊടുക്കണം. നിയമപരിഷ്കരണത്തിന് കർഷകരും കാർഷിക വിദഗ്ധരും കർഷക സംഘടനകളുമൊക്കെ വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടായിരുന്നു.
പഴയ സർക്കാറുകളും ഇതേക്കുറിച്ച് ഏറെ ചിന്തിച്ചതാണ്. പാർലമെൻറിൽ ചർച്ച നടന്നു. നിരവധി കൂടിയാലോചനകളുണ്ടായി. അതിനുശേഷമാണ് നിയമങ്ങൾ കൊണ്ടുവന്നത്. രാജ്യത്തിെൻറ മുക്കിലും മൂലയിലുമുള്ള നിരവധി കർഷക സംഘടനകൾ അതിനെ പിന്തുണച്ചു. അവരോട് നന്ദിയുണ്ട്.
അർപ്പണ മനോഭാവത്തോടെ, പൂർണ ബോധ്യത്തോടെ, ആത്മാർഥമായി, കാർഷിക മേഖലയുടെയും പാവപ്പെട്ട ഗ്രാമീണരുടെയും ഭാവിയെ കരുതിയാണ് പ്രവർത്തിച്ചത്. കർഷകരുടെ താൽപര്യത്തിനു വേണ്ടി അത്രയും പവിത്രമായി ചെയ്ത ഒരു കാര്യം ചില കർഷകരെ ബോധ്യപ്പെടുത്താൻ, ശ്രമിച്ചതല്ലാതെ, സർക്കാറിന് സാധിച്ചില്ല. കാർഷിക നിയമങ്ങളുടെ പ്രാധാന്യം അവർക്ക് മനസ്സിലാക്കി കൊടുക്കാൻ കാർഷിക വിദഗ്ധരും ശാസ്ത്രജ്ഞരും പുരോഗമനപരമായി ചിന്തിക്കുന്ന കർഷകരും ആവുന്നത്ര ശ്രമിച്ചു.
ഇന്ന് ഞാൻ നിങ്ങളുടെ മുന്നിൽ എത്തിയത്, മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചെന്നു പറയാനാണ്. നിയമങ്ങൾ പിൻവലിക്കുന്നതിെൻറ ഭരണഘടനാപരമായ നടപടി ഈ മാസാവസാനം തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ പൂർത്തിയാക്കും.
ഗുരുനാനാക് ജയന്തിദിനം ആരെയും പഴിക്കാനുള്ള ദിവസമല്ല. കർഷക ക്ഷേമം മുൻനിർത്തി പുനരർപ്പണം ചെയ്യേണ്ട ദിവസമാണ്. ചെലവു രഹിത കൃഷി പ്രോത്സാഹിപ്പിക്കുക, രാജ്യത്തിെൻറ മാറുന്ന ആവശ്യങ്ങൾക്കൊത്ത് വിള രീതിയിൽ മാറ്റം വരുത്തുക, മിനിമം താങ്ങുവില സമ്പ്രദായം കുടുതൽ ഫലപ്രദവും കാര്യക്ഷമവുമാക്കുക തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തി സർക്കാർ ഒരു സമിതി രൂപവത്കരിക്കും. കേന്ദ്ര സംസ്ഥാന സർക്കാറുകൾ, കർഷകർ, കാർഷിക വിദഗ്ധർ, കാർഷിക ധനശാസ്ത്രജ്ഞർ എന്നിവരുടെ പ്രതിനിധികൾ ഈ സമിതിയിൽ ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.