എ.സിയിൽ ഇരിക്കുന്നവർക്ക് കർഷകെൻറ ആറായിരം രൂപയുടെ വിലയറിയില്ല –മോദി
text_fieldsലേ/ജമ്മു: ഡൽഹിയിലെ എ.സി മുറികളിലിരിക്കുന്നവർക്ക് വിദൂരങ്ങളിലുള്ള ദരിദ്രരായ കർഷകർക്ക് ലഭിക്കുന്ന 6000 രൂപയുടെ പ്രാധാന്യം മനസ്സിലാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇടക്കാല ബജറ്റിൽ കർഷകരുടെ അക്കൗണ്ടിലേക്ക് മൂന്നു ഗഡുക്കളായി നൽകുന്ന സഹായത്തെ വിമർശിക്കുന്നവർക്കായിരുന്നു മോദിയുടെ മറുപടി.
ജമ്മുവിലും ലേയിലും ലഡാക്കിലും വിവിധ പദ്ധതികളുടെ ശിലയിടൽ, ഉദ്ഘാടനം, റാലി എന്നിവിടങ്ങളിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് കോൺഗ്രസ് പറയുന്നത് തെരഞ്ഞെടുപ്പിൽ ജയിക്കാൻ മാത്രമാണ്. 2009ൽ ആറുലക്ഷം കോടിയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് കോൺഗ്രസ് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, അധികാരത്തിൽ എത്തിയപ്പോൾ 52,000 കോടിയുടെ കാർഷിക വായ്പ മാത്രമാണ് ഒഴിവാക്കിയത്.
ഇവരിൽ 25-30 ലക്ഷം പേർ ഇതിന് അർഹരല്ലെന്ന് സി.എ.ജി റിപ്പോർട്ടിലുണ്ട്. മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ ചിലർക്ക് നൽകിയ ചെക്കുകൾ 13 രൂപയുടേതായിരുന്നുവെന്നും മോദി പരിഹസിച്ചു. സംരക്ഷിത സ്ഥലങ്ങളിൽ താമസിക്കാനുള്ള പെർമിറ്റ് ഏഴു ദിവസത്തിൽനിന്ന് 15 ദിവസമാക്കി ഉയർത്തിയിട്ടുണ്ട്. ജമ്മുവിൽ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിനും (എയിംസ്) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാസ് കമ്യൂണിക്കേഷനും (െഎ.െഎ.എം.സി) പ്രധാനമന്ത്രി ശിലയിട്ടു.
അതേസമയം, പ്രധാനമന്ത്രി ജമ്മു-കശ്മീരിൽ എത്തുന്നതിന് മുന്നോടിയായി കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. ഞായറാഴ്ച മൊബൈൽ ഫോണുകളിലേക്കുള്ള ഇൻറർനെറ്റ് സേവനം അധികൃതർ വിച്ഛേദിച്ചിരുന്നു. ഹുർറിയത് കോൺഫറൻസ് ചെയർമാൻ മീർവാഇസ് ഉമർ ഫാറൂഖ്, മുൻ എം.എൽ.എ ലങ്ഗേത് ശൈഖ് അബ്ദുൽ റഷീദ് എന്നിവരെ ശനിയാഴ്ച മുതൽ വീട്ടുതടങ്കലിലാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.