പ്രധാനമന്ത്രിയുടെ പ്രസംഗം ‘ലൈവ്’ വേണ്ടെന്ന് മമത
text_fieldsകൊല്‍ക്കത്ത: വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി േകന്ദ്രവുമായി വീണ്ടും കൊമ്പുകോർക്കുന്നു. വിവേകാനന്ദെൻറ ഷികാഗോ പ്രസംഗത്തിെൻറ 125ാം വാർഷികത്തോടനുബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തത്സമയം കാണിക്കണമെന്ന നിർദേശം തള്ളിയാണ് മമത മോദിസർക്കാറുമായി ഏറ്റുമുട്ടലിനൊരുങ്ങുന്നത്.
മോദിയുടെ പ്രസംഗം വിദ്യാർഥികൾക്ക് തത്സമയം കാണിക്കണെമന്ന യു.ജി.സി നിർദേശം അവഗണിക്കാൻ ബംഗാൾ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. കഴിഞ്ഞ മാസം സ്വാതന്ത്ര്യദിനത്തിലെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാറിെൻറ ഉത്തരവും മമത തള്ളിക്കളഞ്ഞിരുന്നു. സ്കൂളുകളില്‍ സ്വാതന്ത്ര്യദിനത്തില്‍ രാജ്യസ്നേഹം വളർത്തുന്ന പരിപാടികള്‍ സംഘടിപ്പിക്കണമെന്നായിരുന്നു കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അന്ന് പുറത്തിറക്കിയ ഉത്തരവില്‍ നിർദേശിച്ചത്. നരേന്ദ്ര മോദി വിഭാവനം ചെയ്യുന്ന ‘ഇന്ത്യ വിഷൻ’ യാഥാർഥ്യമാക്കുന്നതിെൻറ ഭാഗമായിട്ടായിരുന്നു ഉത്തരവ്. എന്നാല്‍, രാജ്യസ്നേഹം ബി.ജെ.പി തങ്ങളെ പഠിപ്പിക്കേണ്ടെന്ന നിലപാടാണ് മമത ബാനര്‍ജി കൈക്കൊണ്ടത്.
രാജ്യത്തെ നാൽപതിനായിരത്തോളം വരുന്ന സ്ഥാപനങ്ങൾക്കാണ് യു.ജി.സി ഇപ്പോൾ നിർദേശം നൽകിയിരിക്കുന്നത്. ഇത്തരം കാര്യങ്ങൾ കേന്ദ്രം സംസ്ഥാന സർക്കാറുമായി ആലോചിച്ചാണ് ചെയ്യേണ്ടതെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പാർഥ ചാറ്റർജി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇപ്പോഴത്തെ നീക്കം വിദ്യാഭ്യാസത്തെ കാവിവത്കരിക്കുന്നതിെൻറ ഭാഗമാണ്. ഇത് അംഗീകരിക്കാനാവില്ല. പുതിയ യു.ജി.സി സർക്കുലറിലെ നിർദേശങ്ങൾ പാലിക്കേണ്ടതില്ലെന്ന് നിർദേശം നൽകിക്കഴിഞ്ഞുവെന്നും ചാറ്റർജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.