കടുവ സംരക്ഷണ പദ്ധതിക്ക് അരനൂറ്റാണ്ട്; പ്രധാനമന്ത്രി ഇന്ന് ബന്ദിപ്പൂരിൽ
text_fieldsബംഗളൂരു: വംശനാശ ഭീഷണി നേരിടുന്ന കടുവകളുടെ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പ്രൊജക്ട് ടൈഗർ പദ്ധതിക്ക് അരനൂറ്റാണ്ട് തികയുന്നു. ഞായറാഴ്ച മൈസൂരുവിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ കടുവ സെൻസസ് പുറത്തുവിടും. രണ്ടു ദിവസത്തെ സന്ദർശനത്തിനായി കർണാടകയിലെത്തുന്ന പ്രധാനമന്ത്രി ശനിയാഴ്ച രാത്രി 8.40ന് മൈസൂരു വിമാനത്താവളത്തിലെത്തി. താമസിക്കുന്ന ഹോട്ടലിൽനിന്ന് പ്രധാനമന്ത്രി ഞായറാഴ്ച രാവിലെ ബന്ദിപ്പൂർ കടുവ സംരക്ഷണത്തിലെത്തും. തുടർന്ന് വനംജീവനക്കാരുമായി സംവദിക്കും. രാവിലെ 7.15 മുതൽ 9.30 വരെ ബന്ദിപ്പൂർ വനത്തിൽ പ്രധാനമന്ത്രിക്കായി പ്രത്യേക സവാരി ഒരുക്കിയിട്ടുണ്ട്.
തുടർന്ന് ബന്ദിപ്പുർ വനമേഖലയോട് ചേർന്നു കിടക്കുന്ന തമിഴ്നാട്ടിലെ മുതുമല കടുവ സംരക്ഷണ കേന്ദ്രത്തിലെ തെപ്പക്കാട്ടെത്തുന്ന പ്രധാനമന്ത്രി, ഓസ്കാർ അവാർഡ് നേടിയ ‘ദ എലഫന്റ് വിസ്പറേഴ്സ്’ എന്ന ഡോക്യുമെന്ററിയിൽ അവതരിപ്പിക്കപ്പെട്ട ബൊമ്മൻ-ബെള്ളി ദമ്പതികളെ അനുമോദിക്കും. രാവിലെ 11ഓടെ പ്രൊജക്ട് ടൈഗർ പദ്ധതിക്ക് അരനൂറ്റാണ്ട് തികയുന്നതിനോടനുബന്ധിച്ച് മൈസൂരു-ഹുൻസൂർ റോഡിലെ കെ.എസ്.ഒ.യു ഹാളിൽ നടക്കുന്ന ചടങ്ങിൽ മോദി പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ബന്ദിപ്പൂരിലെയും മുതുമലൈയിലെയും കാനന സവാരിയും താമസവും കഴിഞ്ഞ വ്യാഴാഴ്ച മുതൽ റദ്ദാക്കിയിരുന്നു. മേഖലയിലെ ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും താമസവും വിലക്കിയിരുന്നു. ബന്ദിപ്പൂർ മുതൽ തെപ്പക്കാട് വരെയുള്ള വനപാതയിലെ മുഴുവൻ ഹമ്പുകളും നീക്കി. മസിനഗുഡിയിൽ ഹെലിപാഡും ഒരുക്കിയിട്ടുണ്ട്. തെപ്പക്കാടുനിന്ന് രാവിലെ 9.45 ഓടെ ഹെലികോപ്ടറിൽ യാത്രതിരിക്കുന്ന മോദി 10.20ന് മൈസൂരു ഓവൽ ഗ്രൗണ്ടിൽ ഒരുക്കിയ ഹെലിപ്പാടിലിറങ്ങും.
തുടർന്ന് നടക്കുന്ന ചടങ്ങിൽ രാജ്യത്തെ കടുവകളുടെ പുതിയ കണക്ക് പുറത്തുവിടും. കടുവകളുടെ എണ്ണത്തിൽ മധ്യപ്രദേശിനെ മറികടന്ന് ഇത്തവണ കർണാടക ഒന്നാമതെത്തുമെന്നാണ് സൂചന. പ്രൊജക്ട് ടൈഗർ പദ്ധതിയുടെ സ്മരണാർഥം 50 രൂപയുടെ നാണയം പ്രധാനമന്ത്രി പുറത്തിറക്കും. 1973ൽ ഇന്ദിരഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് പ്രൊജക്ട് ടൈഗർ പദ്ധതി ആരംഭിക്കുന്നത്. വ്യാപക വേട്ടയാടൽ കാരണം 12 കടുവകൾ മാത്രമാണ് പദ്ധതിയുടെ തുടക്കത്തിൽ ഉണ്ടായിരുന്നത്. പദ്ധതി ആദ്യം നടപ്പാക്കിയ സംസ്ഥാനമാണ് കർണാടക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.