കമീഷൻ നിർദേശത്തിന് പുല്ലുവില; വിലക്ക് മാനിക്കാതെ മോദി
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് വേളയിലെ വിദ്വേഷ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ ശാസന രൂപത്തിൽ നിർദേശം നൽകിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഭാഗീയ-വർഗീയ ചുവയുള്ള പ്രയോഗങ്ങൾക്ക് അവസാനമില്ല. ശനിയാഴ്ച ബിഹാറിലെ കാരാകത്, പാടലീപുത്ര ലോക്സഭ മണ്ഡലങ്ങളിലെ എൻ.ഡി.എ റാലികളിൽ പ്രസംഗിക്കവേയാണ് പ്രധാനമന്ത്രി വീണ്ടും മത-സാമുദായിക പരാമർശങ്ങൾ നടത്തിയത്. മുസ്ലിം വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള നൃത്തമാടലാണ് ‘ഇൻഡ്യ’ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മോദിയുടെ പ്രസംഗത്തിൽ നിന്ന്:
‘‘ദലിതുകളുടെയും പിന്നാക്കക്കാരുടെയും സംവരണം അട്ടിമറിക്കാനാണ് ഇൻഡ്യ സഖ്യം ശ്രമിക്കുന്നത്. ഇത് അനുവദിക്കില്ല. മുസ്ലിം വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള നൃത്തമാടൽ (മുജ്ര) നടത്തുകയാണ് ‘ഇൻഡ്യ’. പ്രതിപക്ഷ സഖ്യം ഭീതിപടർത്തുകയാണ്. ഭീകരതയും അഴിമതിയും തുടച്ചുനീക്കാൻ ഞാൻ ഭയമില്ലാതെയാണ് പ്രവർത്തിച്ചത്. സാമൂഹിക നീതിക്ക് പുതുവെളിച്ചം പകർന്ന സ്ഥലമാണ് ബിഹാർ. ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ മുസ്ലിംകൾക്ക് വകമാറ്റാനുള്ള ഇൻഡ്യ സഖ്യനീക്കം തകർക്കും. ആ സഖ്യം അടിമത്തത്തിൽ തുടരുന്നവരാണ്. ബിഹാറിൽനിന്നുള്ള കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് മോശം വാക്കുകൾ പ്രയോഗിച്ചവരാണ് കോൺഗ്രസും ഡി.എം.കെയും തൃണമൂൽ കോൺഗ്രസും. എന്നിട്ടും ആർ.ജെ.ഡിക്ക് പ്രതിഷേധ സ്വരമുയർത്താൻ ധൈര്യമില്ല’’.
മതവിദ്വേഷവും വിഭാഗീയതയുമുണ്ടാക്കുന്ന പരാമർശങ്ങൾ നടത്തരുതെന്ന് ബി.ജെ.പിക്കു കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ നിർദേശം നൽകിയത് മേയ് 22നാണ്. രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുംവിധമുള്ള വിദ്വേഷ- വിഭാഗീയ പ്രചാരണം നടത്തരുതെന്ന് കമീഷൻ കോൺഗ്രസിനോടും നിർദേശിച്ചിരുന്നു. ഇരുപാർട്ടികളുടെയും താരപ്രചാരകർ പെരുമാറ്റച്ചട്ടം ലംഘിച്ചതായും കമീഷൻ വ്യക്തമാക്കിയിരുന്നു. മോദിയുടെ പ്രസംഗങ്ങൾക്കെതിരെ കോൺഗ്രസും രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരുടെ പ്രസംഗങ്ങൾക്കെതിരെ ബി.ജെ.പിയും ഒരു മാസം മുമ്പ് നൽകിയ പരാതിയിലാണ് കമീഷൻ നിർദേശം.
മുസ്ലിം വിരുദ്ധമെന്ന് വ്യക്തമാകുന്ന പ്രസംഗങ്ങൾ പ്രചാരണഘട്ടത്തിലുടനീളം മോദി നടത്തിയിട്ടുണ്ട്. കാരണം കാണിക്കൽ നോട്ടീസ് നൽകിയ ശേഷവും പരാമർശങ്ങൾ ആവർത്തിച്ചത് ആശങ്കാജനകമാണെന്നും ഇത് ആവർത്തിക്കരുതെന്നും ബി.ജെ.പിയോട് കമീഷൻ നിർദേശിച്ചു. വിദ്വേഷ പരാമർശങ്ങളിൽ മോദി മുൻനിരയിലാണെങ്കിലും കമീഷൻ ഉത്തരവിൽ ആരെയും പേരെടുത്തു പരാമർശിച്ചിരുന്നില്ല. ഏപ്രിൽ 21നു രാജസ്ഥാനിൽവെച്ച് മോദി കോൺഗ്രസിനെതിരെ നടത്തിയ രൂക്ഷമായ പരാമർശമാണ് കമീഷന് മുന്നിലെത്തിയ പ്രധാന പരാതികളിലൊന്ന്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സ്വർണവും വെള്ളിയും കണക്കെടുപ്പു നടത്തി കൂടുതൽ മക്കളുള്ള നുഴഞ്ഞുകയറ്റക്കാർക്കു വീതിച്ചുനൽകുമെന്നായിരുന്നു മോദിയുടെ പ്രസംഗം.
വിമർശനവുമായി പ്രതിപക്ഷം
മോദിയുടെ ‘മുജ്ര’ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തുവന്നു. രാജ്യത്തിന്റെ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിയും ഉപയോഗിക്കാത്ത വാക്കുകളാണ് മോദിയുടേതെന്ന് യു.പിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. ഈ ശൈലി പ്രധാനമന്ത്രിക്ക് ചേർന്നതല്ലെന്ന് കോൺഗ്രസ് നേതൃത്വവും പ്രതികരിച്ചു. എല്ലാ സാമൂഹിക മര്യാദകളും ലംഘിച്ച പ്രസംഗമാണ് മോദിയുടേതെന്ന് ആർ.ജെ.ഡി പ്രതികരിച്ചു.
ബി.ജെ.പി വർഷങ്ങളായി അധികാരം കൈയാളുന്ന ഗുജറാത്തിലും പിന്നാക്കക്കാരായ മുസ്ലിംകൾക്ക് സംവരണമുണ്ടെന്ന് ആർ.ജെ.ഡി നേതാവ് മനോജ് കുമാർ ഝാ പറഞ്ഞു. പ്രധാനമന്ത്രിക്ക് മെഡിക്കൽ സഹായം വേണ്ട അവസ്ഥയാണെന്നാണ് തോന്നുന്നത്. ഈയിടെ, തന്നെ ദൈവം അയച്ചതാണെന്ന വിധത്തിൽ അദ്ദേഹം നടത്തിയ പ്രസ്താവന ഭ്രമാവസ്ഥയുടെ വ്യക്തമായ സൂചനയാണെന്നും ഝാ തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.