'താങ്ങുവില വാക്കുകളിൽ ഒതുക്കാതെ നിയമപരിരക്ഷ വേണം'; മോദി ആശയകുഴപ്പം സൃഷ്ടിക്കുകയാണെന്ന് കർഷകർ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നേരന്ദ്രമോദി വിളകളുടെ അടിസ്ഥാന താങ്ങുവില (എം.എസ്.പി) സംബന്ധിച്ച് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയാണെന്ന് കർഷക സംഘടനകൾ. രാജ്യസഭയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു അവർ.
പ്രധാനമന്ത്രി ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്തുന്നു. ഞങ്ങൾ ഒരിക്കലും ഇവിടെ എം.എസ്.പി ഇല്ലെന്ന് പറഞ്ഞിട്ടില്ല. അടിസ്ഥാന താങ്ങുവില ഉറപ്പുവരുത്തുന്ന നിയമം വേണമെന്നാണ് ഞങ്ങൾ ഉയർത്തുന്ന ആവശ്യം. അത് നടപ്പിലാക്കുകയാണെങ്കിൽ രാജ്യത്തെ കർഷകർക്ക് വളരെ ഉപകാരപ്രദമാകും. നിലവിൽ, പകുതി നിരക്ക് നൽകി ബിസിനസുകാർ കർഷകരെ കൊള്ളയടിക്കുകയായണ്. അതാണ് ഞങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും കർഷക നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.
കേന്ദ്രം മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ച് അടിസ്ഥാന താങ്ങുവില ഉറപ്പുവരുത്തുന്നതിന് പുതിയ നിയമം കൊണ്ടുവന്നാൽ ഞങ്ങൾക്ക് പ്രശ്നമില്ല.
കഴിഞ്ഞദിവസം പ്രധാനമന്ത്രി രാജ്യസഭയിൽ നടത്തിയ നന്ദി പ്രമേയ പ്രസംഗത്തിൻമേൽ അടിസ്ഥാന താങ്ങുവില സംബന്ധിച്ച് കർഷകർക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. എന്തിനുവേണ്ടിയാണ് പ്രക്ഷോഭം എന്ന് പറയാൻ ആർക്കും കഴിഞ്ഞില്ലെന്ന് പറഞ്ഞ മോദി 'എം.എസ്.പി ഇവിടെയുണ്ടായിരുന്നു, എം.എസ്.പി ഇവിടെയുണ്ട്, എം.എസ്.പി ഭാവിയിലും ഇവിടെയുണ്ടാകും' എന്ന പ്രസ്താവനയായിരുന്നു നടത്തിയത്.
അടിസ്ഥാന താങ്ങുവില എന്ന ആവശ്യം വാക്കുകളിൽ ഒതുക്കാതെ നിയമത്തിന്‍റെ പരിധിയിൽ െകാണ്ടുവരണമെന്നാണ് ആവശ്യമെന്ന് സംയുക്ത കിസാൻ മോർച്ച പറഞ്ഞു.
എം.എസ്.പിയെക്കുറിച്ചുള്ള പൊള്ളയായ പ്രഖ്യാപനങ്ങൾ കർഷകർക്ക് യാതൊരു തരത്തിലും ഉപകാരപ്പെടില്ല. ഇത്തരം പ്രസ്താവനകൾ േനരത്തെയും നടത്തിയിരുന്നു. എല്ലാ വിളകൾക്കും നിയമപരമായ അടിസ്ഥാന താങ്ങുവില ഉറപ്പുവരുത്തിയാൽ മാത്രമേ കർഷകർക്ക് അവ യഥാർഥത്തിൽ ലഭിക്കുകയും തുല്യതയും പ്രയോജനവും ലഭിക്കുവെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ പറഞ്ഞു.
പ്രധാനമന്ത്രി എം.എസ്.പി ഇവിടെ തന്നെയുണ്ടാകുമെന്ന് കുറഞ്ഞത് നൂറുതവണയെങ്കിലും പറഞ്ഞു. ഇത്തരത്തിൽ വാക്കാൽ ഉറപ്പുനൽകാൻ സാധിക്കുമെങ്കിൽ വിളകളുടെ അടിസ്ഥാന താങ്ങുവിലയിൽ നിയമ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് എന്താണ് പ്രശ്നമെന്ന് കർഷക നേതാവായ അഭിമന്യു കോഹർ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.