Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ധീരജവാന്മാരുടെ...

‘ധീരജവാന്മാരുടെ രക്തസാക്ഷിത്വത്തിന് ഉത്തരവാദി ആര്​?’; സത്യപാൽ മാലികിന്റെ വെളിപ്പെടുത്തലിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷം

text_fields
bookmark_border
‘ധീരജവാന്മാരുടെ രക്തസാക്ഷിത്വത്തിന് ഉത്തരവാദി ആര്​?’; സത്യപാൽ മാലികിന്റെ വെളിപ്പെടുത്തലിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷം
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ​കേന്ദ്ര സർക്കാറിനുമെതിരെ ജമ്മു കശ്മീർ മുൻ ഗവർണറും ബി.ജെ.പി നേതാവുമായ സത്യപാൽ മാലിക് നടത്തിയ വെളിപ്പെടുത്തലിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ കക്ഷികൾ. ധീരജവാന്മാരുടെ രക്തസാക്ഷിത്വത്തിന് പ്രധാനമന്ത്രിയെ കടന്നാക്രമിച്ച പ്രതിപക്ഷ നേതാക്കൾ, ദേശീയ മാധ്യമങ്ങൾ പുലർത്തുന്ന മൗനത്തെയും ചോദ്യം ചെയ്തു.

കോൺഗ്രസ് ഔദ്യോഗിക പേജിൽ പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ‘പുൽവാമ ആക്രമണവും 40 ധീരന്മാരുടെ രക്തസാക്ഷിത്വവും നിങ്ങളുടെ സർക്കാരിന്റെ തെറ്റ് കൊണ്ട് സംഭവിച്ചതാണ്. നമ്മുടെ ജവാന്മാർക്ക് വിമാനം ലഭിച്ചിരുന്നെങ്കിൽ ഭീകരരുടെ ഗൂഢാലോചന പരാജയപ്പെടുമായിരുന്നു. ഈ തെറ്റിന് നിങ്ങൾ നടപടിയെടുക്കണം. നിങ്ങൾ ഈ കാര്യം മൂടിവെക്കുക മാത്രമല്ല സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു. പുൽവാമയെക്കുറിച്ചുള്ള സത്യപാൽ മാലികിന്റെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടിയിരിക്കുകയാണ് രാജ്യം’ എന്നിങ്ങനെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുള്ള ട്വീറ്റ്. സത്യപാൽ സിങ്ങുമായി കരൺ ഥാപ്പറിന്റെ അഭിമുഖത്തിന്റെ വിഡിയോയും ട്വീറ്റിൽ പങ്കുവെച്ചു.

'പ്രധാനമന്ത്രി അഴിമതിയെ അത്രയേറെ വെറുക്കുന്നില്ല' എന്നായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ‘ദി വയറി’ന്റെ വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഏറെ അസ്വസ്ഥപ്പെടുത്തുന്നതാണ് വെളിപ്പെടുത്തലെന്നായിരുന്നു മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് എം.പിയുമായ മനീഷ് തിവാരിയുടെ പ്രതികരണം. അന്താരാഷ്ട്ര വേദികളിൽ ഇത് വളരെ മോശം പ്രതിച്ഛായയുണ്ടാക്കുമെന്നും അദ്ദേഹം വിഡിയോ പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചു.

പുൽവാമ ആക്രമണം തടയുന്നതിൽ മോദി സർക്കാറിന്റെ കഴിവുകേടാണ് വ്യക്തമായതെന്ന് സമാജ്‍വാദി പാർട്ടി വക്താവ് മനോജ് സിങ് കാക പറഞ്ഞു. സി.ആർ.പി.എഫ് ജവാന്മാർക്കായി വിമാനം ആവശ്യപ്പെട്ടപ്പോൾ എന്ത്കൊണ്ട് നൽകിയില്ലെന്നും ആരാണ് അവരുടെ രക്തസാക്ഷിത്വത്തിന് ഉത്തരവാദിയെന്നും അദ്ദേഹം ചോദിച്ചു.

സത്യപാൽ മാലി​കിന്റെ വെളിപ്പെടുത്തലിനെ തുടർന്നുള്ള ദേശീയ മാധ്യമങ്ങളുടെ മൗനത്തെ ചോദ്യം ചെയ്ത് യൂത്ത് കോൺഗ്രസ് ​ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് രംഗത്തെത്തി. പുൽവാമ ​ആക്രമണവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് നടത്തിയ ഗുരുതര ആരോപണങ്ങളിൽ എത്ര ചാനലുകൾ പ്രൈം ടൈമിൽ ചർച്ച നടത്തിയെന്ന് അദ്ദേഹം ചോദിച്ചു.

ആർ.ജെ.ഡി നേതാവും രാജ്യസഭ എം.പിയുമായ മനോജ് കുമാർ ജായും ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചു. സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണും പ്രധാനമന്ത്രിക്കെതിരെ ട്വീറ്റുമായി രംഗത്തെത്തി.

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഗുരുതര വീഴ്ച പറ്റിയെന്നും വീഴ്ച മറച്ചുവെക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്നുമായിരുന്നു സത്യപാൽ മാലിക് ‘ദി വയറി’നോട് വെളിപ്പെടുത്തിയത്. ജവാന്മാരെ കൊണ്ടുപോകാൻ സി.ആർ.പി.എഫ് വിമാനം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിച്ചെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

പുൽവാമ ആക്രമണം നടന്നയുടൻ മോദി വിളിച്ചപ്പോൾ ഈ വീഴ്ചകളെ കുറിച്ച് അറിയിച്ചിരുന്നു. എന്നാൽ, എല്ലാം മറച്ചുവെക്കണമെന്നും ആരോടും പറയരുതെന്നുമാണ് നിർദേശിച്ചത്. മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ഇതുതന്നെ നേരിട്ട് ആവശ്യപ്പെട്ടു. പാകിസ്താനെ പഴിച്ച് ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കലായിരുന്നു ലക്ഷ്യമെന്ന് തനിക്ക് മനസ്സിലായെന്നും സത്യപാൽ മാലിക് അഭിമുഖത്തിൽ വെളിപ്പെടുത്തി.

2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപോറയിൽ സി.ആർ.പി.എഫ്‌ വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തിൽ 40 ജവാന്മാർക്ക് ജീവൻ നഷ്ടമായത്. കേന്ദ്ര റിസർവ് പൊലീസ് സേനയിലെ 2500ഓളം സൈനികർ 78 ബസുകളിലായി ജമ്മുവിൽനിന്ന് ശ്രീനഗറിലേക്ക് സഞ്ചരിക്കുന്നതിനിടെയായിരുന്നു ആക്രമണം.

ദേശീയപാത 44ൽ അവന്തി പുരക്കടുത്ത് സ്ഫോടക വസ്തുക്കൾ നിറച്ച സ്കോർപിയോ വാൻ, വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഉഗ്രഫോടനത്തിൽ ചിന്നിച്ചിതറിയ ബസിലെ 40 സൈനികർ തൽക്ഷണം കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. വീരമൃത്യു വരിച്ചവരിൽ വയനാട് ലക്കിടി സ്വദേശി വി.വി വസന്തകുമാറുമുണ്ടായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ആക്രമണത്തിന്റെ 12-ാം ദിനം പാകിസ്താനിലെ ബാലാക്കോട്ടിലെ ഭീകരപരിശീലന കേന്ദ്രം ഇന്ത്യ മിന്നലാക്രമണത്തിൽ തകർത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Satyapal Malik Narendra ModiPulwama Attack
News Summary - 'Prime Minister responsible for martyrdom of brave soldiers'; Opposition reacted strongly to Satyapal Malik's disclosure
Next Story