രാജ്യസഭയിലും അദാനിയെക്കുറിച്ച് മിണ്ടാതെ പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: ‘മോദി -അദാനി ഭായി ഭായി’ എന്ന പ്രതിപക്ഷത്തിന്റെ നിലക്കാത്ത മുദ്രാവാക്യത്തിനിടയിൽ അദാനിയെക്കുറിച്ച ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ രാജ്യസഭയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മറുപടി പ്രസംഗം’. ഒറ്റക്ക് നിൽക്കുന്ന തന്നെ നേരിടാൻ എത്ര പേരാണ് എന്ന് രാജ്യം കാണുന്നുണ്ടെന്ന് നടുത്തളത്തിൽ മോദിക്കും അദാനിക്കുമെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്ന പ്രതിപക്ഷത്തെ നോക്കി പ്രധാനമന്ത്രി പറഞ്ഞു. ലോക്സഭയിൽനിന്ന് ഭിന്നമായി പ്രതിപക്ഷ മുദ്രാവാക്യത്തിൽ പലപ്പോഴും പ്രധാനമന്ത്രിയുടെ പ്രസംഗം മുങ്ങിപ്പോയതിനാൽ പ്രതിഷേധിച്ചവർക്കെതിരെയും മോദി രൂക്ഷവിമർശനം നടത്തി.
അദാനിയെ കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി പറയാതെയായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചക്ക് രാജ്യസഭയിലും മോദിയുടെ പ്രസംഗം. പ്രതിപക്ഷം ഉന്നയിച്ച പ്രമാദ വിഷയങ്ങൾ തൊടാതെ മുൻ കോൺഗ്രസ് സർക്കാറുകളെ വിമർശിച്ചും തന്റെ സർക്കാറിന്റെ നേട്ടം വിശദീകരിച്ചും ഒടുവിൽ അദാനി വിഷയമുയർത്തിയതിന് പ്രതിപക്ഷത്തെ രാഷ്ട്രീയമായി ആക്രമിച്ചും പരിഹസിച്ചുമാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.
താൻ രാജ്യത്തിന് വേണ്ടിയാണ് ജീവിക്കുന്നതെന്നും രാജ്യത്തിന് വേണ്ടി വല്ലതും ചെയ്യണമേന്നേ താൻ ആഗ്രഹിക്കുന്നുള്ളൂ എന്നും മോദി പറഞ്ഞു. ചിലയാളുകളുടെ പെരുമാറ്റവും ഭാഷയും സഭയെ മാത്രമല്ല, രാജ്യത്തെയും നിരാശപ്പെടുത്തുന്നതാണ്. രാഷ്ട്രീയം കളിക്കുന്ന പ്രതിപക്ഷത്തിന് എന്തു ചെയ്യണമെന്ന് നിശ്ചയമില്ല.
സ്വയം രക്ഷപ്പെടാനുള്ള വഴി അന്വേഷിക്കുകയാണവർ. രാജ്യത്തിന്റെ സാമ്പത്തിക നയത്തെ കുറിച്ച് ചിന്തിക്കാതെ 24 മണിക്കൂറും രാഷ്ട്രീയം കളിക്കുകയാണ് എന്ന് മോദി കുറ്റപ്പെടുത്തി. രാഷ്ട്രീയമായ വിഭിന്ന ചിന്താഗതികളുണ്ടാകും. എന്നാൽ, രാജ്യത്തിന്റെ സമ്പദ്ഘടന കൊണ്ട് കളിക്കരുതെന്നും സ്വന്തം മക്കളുടെ ഭാവി തകർക്കുന്ന തരത്തിലുള്ള പാപം ചെയ്യരുതെന്നും പ്രതിപക്ഷത്തിന് മുന്നറിയിപ്പും നൽകി. ഗാന്ധി കുടുംബത്തെയും കോൺഗ്രസിനെയും കടന്നാക്രമിച്ച പ്രസംഗത്തിൽ രാജ്യത്തെ പദ്ധതികൾക്ക് നെഹ്റുവിന്റെ പേരിട്ട ഗാന്ധി കുടുംബത്തിലാരും സ്വന്തം പേരിന്റെ അവസാനം നെഹ്റു എന്ന് ചേർക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചു.
ശബ്ദം പോകുമ്പോൾ മാറി മാറി മുദ്രാവാക്യം വിളിച്ചുകൊടുത്ത എം.പിമാരെ മോദി പരിഹസിച്ച് ‘തന്നെ നേരിടാനായി മുദ്രാവാക്യം വിളിക്കാൻപോലും പ്രതിപക്ഷത്തിന് ആളെ മാറ്റേണ്ടിവരികയാണെ’ന്ന് പറഞ്ഞു. ഒടുവിൽ നന്ദിപ്രമേയ ചർച്ചക്കുള്ള മറുപടി അവസാനിപ്പിച്ച് പ്രധാനമന്ത്രി പ്രസംഗം നിർത്തിയപ്പോൾ എഴുന്നേറ്റു നിന്ന് ഭരണപക്ഷ എം.പിമാർ വിളിച്ച ‘മോദി മോദി’ വിളിയും പ്രതിപക്ഷത്തിന്റെ ‘അദാനി അദാനി’ മറുവിളിയിൽ വിലയം പ്രാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.