മുറിവുണങ്ങില്ല...; ആക്ടിവിസ്റ്റുകളോട് മനുഷ്യത്വം കാട്ടാതെ ജയിലധികൃതർ
text_fieldsമുംബൈ: ഭീമാ കൊറേഗാവ് കേസിൽ അറസ്റ്റിലായ ആക്ടിവിസ്റ്റുകൾക്ക് നവി മുംബൈയിലെ തലോജ ജയിലിൽ ലഭിച്ചത് മനുഷ്യത്വരഹിതമായ പെരുമാറ്റമെന്ന് തടവിലായവരുടെ ബന്ധുക്കളും സുഹൃത്തുക്കളും. ആവശ്യത്തിന് വൈദ്യസഹായം നൽകാൻ ജയിലധികൃതർ തയാറായില്ല. ഇതിെൻറ ആദ്യ ഇരയായിരുന്നു ചൊവ്വാഴ്ച മരിച്ച ഫാ. സ്റ്റാൻ സ്വാമി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഹരജികളിൽ ബോംെബ ഹൈകോടതിയാണ് പലപ്പോഴും രക്ഷക്കെത്തിയത്.
ഹൈകോടതി ഉത്തരവിനെ തുടർന്നായിരുന്നു സ്റ്റാൻ സ്വാമിയെ അവസാന സമയത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതര രോഗങ്ങൾ ബാധിച്ച തെലുഗു കവി വരവര റാവു, മലയാളി ഡൽഹി സർവകലാശാല അസോസിയറ്റ് പ്രഫസർ ഹാനി ബാബു എന്നിവർക്കും രക്ഷയായത് ഹൈകോടതിയാണ്. നിലവിൽ വരവരറാവു ജാമ്യത്തിലും ഹാനി ബാബു നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുമാണ്. നാഡിരോഗ ബാധിതനായി ഒാർമ നഷ്ടപ്പെട്ട വരവര റാവുവിന് സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സ ലഭിച്ചത് ഹൈകോടതി ഉത്തരവിലാണ്. ഒരിക്കൽ ജെ.ജെ ആശുപത്രി ഇടനാഴിയിൽ ഒാർമ നഷ്ടപ്പെട്ട വരവര റാവുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബന്ധുക്കൾ കണ്ടെത്തിയത്. തുടർന്നായിരുന്നു കോടതി വിധി. ചികിത്സയിൽ കഴിയവെയാണ് കടുത്ത നിബന്ധനകളോടെ ജാമ്യം ലഭിച്ചത്. കണ്ണിന് അണുബാധയേറ്റ ഹാനി ബാബുവിനെ ജയിലിനു പുറത്ത് കൊണ്ടുപോയി ചികിത്സിക്കാൻ ജയിൽ അധികൃതർ തയാറായിരുന്നില്ല. കൂടെ പോകാൻ സുരക്ഷ ഉദ്യോഗസ്ഥരില്ലെന്നായിരുന്നു പറഞ്ഞത്. ഒരിക്കൽ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഡോക്ടറുടെ നിർദേശം തള്ളി തുടർചികിത്സ ലഭ്യമാക്കിയില്ല. ഭാര്യ ജെന്നി റൊവേന ഹൈകോടതിയെ സമീപിച്ചതോടെയാണ് ചികിത്സ ലഭ്യമായത്.
വരവരറാവു, സ്റ്റാൻ സ്വാമി, ഹാനി ബാബു എന്നിവരെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഇവർക്ക് കോവിഡുള്ളതായി തിരിച്ചറിയുന്നത്. ജയിലിൽ പരിശോധന പോലും നടത്തിയില്ല. ഇതേ കേസിൽ ബൈഖുള ജയിലിൽ കഴിയുന്ന അഭിഭാഷക സുധ ഭരദ്വാജിനും ചികിത്സയും അവയുടെ രേഖകളും ലഭിച്ചത് ഹൈകോടതി ഇടപെടലിനെ തുടർന്നാണ്. ആരോപണവിധേയനായ തലോജ ജയിൽ സൂപ്രണ്ടിനെ ആഴ്ചകൾക്കു മുമ്പ് െഎ.ജി കാര്യാലയത്തിലേക്ക് മാറ്റിയിരുന്നു.
ഫാ. സ്റ്റാൻ സ്വാമിയുടെ വിയോഗത്തിൽ വിരഗലൂർ ഗ്രാമം ശോകമൂകം
ചെന്നൈ: ഫാ. സ്റ്റാൻ സ്വാമിയുടെ മരണവാർത്തയറിഞ്ഞ് ജന്മദേശമായ തിരുച്ചി ലാൽഗുഡിക്ക് സമീപത്തെ വിരഗലൂർ ഗ്രാമം ശോകമൂകമായി. ഗോത്രവർഗക്കാരുടെ ക്ഷേമത്തിനായി ജീവിതം സമർപ്പിച്ച എളിയ മനുഷ്യനായിരുന്നുവെന്ന് സ്റ്റാനെന്ന് സഹോദരൻ 89കാരനായ ടി.പി.എൽ. ഇരുദയസ്വാമി പറഞ്ഞു. ഒരു ബാങ്ക് അക്കൗണ്ട് പോലുമുണ്ടായിരുന്നില്ല. പൗരോഹിത്യം പൂർത്തിയാക്കി മനിലയിൽനിന്ന് മടങ്ങിയെത്തിയ സ്റ്റാന്‍ വിരഗലൂരിൽ ഗംഭീര സ്വീകരണം നൽകിയിരുന്നതായി ഇരുദയസ്വാമി അനുസ്മരിച്ചു. ചടങ്ങിൽ സ്റ്റാന്‍ സമ്മാനിച്ച ഫലകം വീടിെൻറ മതിലിൽ പ്രതിഷ്ഠിച്ചത് ഇപ്പോഴും കാണാം.
2020 ഒക്ടോബർ എട്ടിന് സ്റ്റാൻ അറസ്റ്റിലായതോടെയാണ് ആദിവാസി അവകാശപോരാട്ടങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിരുന്ന വിവരം നാട്ടുകാരറിയുന്നത്. മോചനമാവശ്യപ്പെട്ട് ലാൽഗുഡിയിൽ പ്രകടനം നടത്തിയിരുന്നതായി ഇരുദയസ്വാമിയുടെ ചെറുമകനായ എസ്. ബെന്നിറ്റോ പ്രഭു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഫാ. സ്റ്റാെൻറ അവസാന സന്ദർശനം 2020 ജനുവരിയിലായിരുന്നു. കോവിഡ് പ്രോേട്ടാകോൾ മൂലം മുംബൈയിൽ നടക്കുന്ന സംസ്കാരച്ചടങ്ങിൽ പെങ്കടുക്കാൻ കുടുംബാംഗങ്ങൾക്ക് അനുമതി ലഭിച്ചില്ലെന്നും ഗ്രാമത്തിൽ സംസ്കാരച്ചടങ്ങ് നടത്താനുള്ള കുടുംബാംഗങ്ങളുടെ അപേക്ഷ നിരസിക്കപ്പെട്ടതായും അദ്ദേഹം അറിയിച്ചു. 1937 ഏപ്രിൽ 26ന് ജനിച്ച ഫാ. സ്റ്റാൻ സ്വാമി, ലൂർദുസ്വാമി-കിതിയ മലിെൻറയും അഞ്ചാമത്തെ മകനായിരുന്നു. ഫാ. സ്റ്റാൻ സ്വാമിയുടെ വേർപാടിൽ തമിഴ്നാട് മുഖ്യമന്ത്രി അനുശോചിച്ചു. മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിെൻറ മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ജൂലൈ എട്ടിന് സംസ്ഥാനമൊട്ടുക്കും പ്രകടനങ്ങൾ നടത്താൻ സി.പി.എം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.
രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കളുടെ കത്ത്
ന്യൂഡൽഹി: ഫാ.സ്റ്റാൻ സ്വാമിക്കുമേൽ വ്യാജ കേസുകൾ ഉണ്ടാക്കി തടവിലിടുകയും മനുഷ്യത്വ വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്തവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പത്ത് പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതി. കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധി, എൻ.സി.പി മേധാവി ശരദ് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങിയവരാണ് ഒപ്പുവെച്ചത്.
ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ (ജെ.എം.എം), മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. ദേവഗൗഡ, നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, ആർ.ജെ.ഡിയുടെ തേജസ്വി യാദവ്, ഡി.രാജ (സി.പി.ഐ), സീതാറാം യെച്ചൂരി (സി.പി.എം) എന്നിവരും കത്തിൽ ഒപ്പിട്ടു. 'കസ്റ്റഡിയിൽ കഴിയുന്ന ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തിൽ കടുത്ത ദുഃഖവും പ്രതിഷേധവും അറിയിച്ച് പ്രധാന പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളായ ഞങ്ങൾ താങ്കൾക്ക് കത്തെഴുതുന്നുവെന്ന്' നേതാക്കൾ വ്യക്തമാക്കി. വ്യാജ കേസുകൾ ചുമത്തുന്നതിനും ജയിലിൽ തുടരുന്നതിനും മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനും ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കാൻ സർക്കാറിനോട് നിർദേശിക്കാൻ രാഷ്ട്രപതിയെന്ന നിലയിൽ താങ്കളുടെ അടിയന്തര ഇടപെടൽ അഭ്യർഥിക്കുന്നു. പാർക്കിൻസൺസ് രോഗം ഉൾപ്പെടെയുള്ള വിവിധ രോഗങ്ങളിൽ സ്വാമിക്ക് ചികിത്സ നിഷേധിച്ചതായും രാജ്യവ്യാപക പ്രചാരണത്തിന് ശേഷമാണ് വെള്ളം കുടിക്കാനുള്ള സ്ട്രോ പോലും ജയിലിൽ ലഭ്യമാക്കിയതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
വിയ്യൂർ ജയിലിൽ പ്രതിഷേധം; തടവുകാർ നിരാഹാരത്തിൽ
തൃശൂർ: ഫാ. സ്റ്റാന്‍ സ്വാമിയുടേത് ഭരണകൂട കൊലപാതകമാണെന്ന് ആരോപിച്ച് മാവോവാദി രൂപേഷ് ഉള്‍പ്പെടെ തടവുകാര്‍ വിയ്യൂര്‍ ജയിലില്‍ നിരാഹാരം അനുഷ്ഠിച്ചു. മൗനം ആചരിച്ച് ആദരവ് പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രൂപേഷ് നൽകിയ അപേക്ഷ എൻ.ഐ.എ കോടതി തള്ളിയതിൽ പ്രതിേഷധിച്ചാണ് രൂപേഷ് നിരാഹാരം അനുഷ്ഠിച്ച് കോടതി നടപടികളിൽ പങ്കെടുത്തത്. യു.എ.പി.എ കേസുകളില്‍ തടവിൽ കഴിയുന്ന രൂപേഷ്, രാജീവന്, രാജന്, ധനീഷ് തുടങ്ങിയവരാണ് നിരാഹാരം അനുഷ്ഠിച്ചത്. എൻ.ഐ.എ കോടതിയിൽ ചൊവ്വാഴ്ചയായിരുന്നു രൂപേഷിെൻറ കേസിെൻറ വിചാരണ. പ്രത്യേക അപേക്ഷയിലാണ് ആവശ്യം ഉന്നയിച്ചത്. 1972ൽ ചാരു മജുംദാർ മരിച്ചപ്പോൾ സമാനമായി കോടതികൾ മൗനം ആചരിച്ച് ആദരവ് പ്രകടിപ്പിച്ച കാര്യം അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അനുവദിക്കാനാവില്ലെന്നും രൂപേഷിന് മൗനം ആചരിക്കാമെന്നും അറിയിച്ച് അപേക്ഷ കോടതി നിരാകരിച്ചു. ഇതോടെ രൂപേഷും പിന്തുണച്ച് മറ്റ് മാവോവാദി തടവുകാരും നിരാഹാരം അനുഷ്ഠിക്കാൻ തയാറായി. എന്നാൽ, പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും ഉള്ളവരെ സമരത്തിൽ മാറ്റി നിർത്തി. നിരാഹാരം അനുഷ്ഠിച്ചുകൊണ്ട് രൂപേഷ് വൈകീട്ട് വരെ നീണ്ട കോടതി വിചാരണ നടപടികളിൽ പങ്കുകൊണ്ടു. വയനാട് വെള്ളമുണ്ടയിൽ സിവില്‍ പൊലീസ് ഓഫിസറുടെ വീട്ടില്‍ അതിക്രമിച്ച് കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലാണ് വിചാരണ ആരംഭിച്ചത്. ഇതിൽ അറസ്റ്റിലായ രൂപേഷ്, അനൂപ്, ഇബ്രാഹിം, കന്യാകുമാരി എന്നിവരുടെ വിചാരണയാണ് വിഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.