കോവിഡ്: അഞ്ച് സംസ്ഥാനങ്ങൾ 23,000 തടവുകാരെ വിട്ടയച്ചു
text_fieldsന്യൂഡൽഹി: കോവിഡ് -19െൻറ പശ്ചാത്തലത്തിൽ തടവുകാരെ നിബന്ധനകൾക്ക് വിധേയമായി വിട്ടയക്കണമെന്ന സുപ്രീം കോടതിയുടെ തീരുമാനം ശിരസ്സാവഹിച്ച് സംസ്ഥാനങ്ങൾ. അഞ്ച് സംസ്ഥാനങ്ങളിലായി 23,000 തടവുകാരാണ് പുറത്തിറങ്ങിയത്. മറ്റുസംസ്ഥാനങ്ങളും നിരവധി പേർക്ക് വിടുതൽ നൽകിയിട്ടുണ്ട്. 7,200 തടവുകാരെ മോചിപ്പിച്ച മഹാരാഷ്ട്രയും 6,500 പേരെ വിട്ടയച്ച മധ്യപ്രദേശുമാണ് ഇതിൽ മുൻപന്തിയിൽ.
ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചെയ്ത വിചാരണ തടവുകാരെയും പരോളിലുള്ളവരെയും വിട്ടയക്കാനാണ് കോടതി നിർദേശിച്ചത്. ഇതുസംബന്ധിച്ച് ഉന്നതതല സമിതി രൂപവത്കരിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മാർച്ചിൽ നിർദേശം നൽകിയിരുന്നു.
10000 ഓളം പേരെ കൂടി പുറത്തുവിടാനുള്ള ഒരുക്കത്തിലാണ് മഹാരാഷ്ട്ര. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമെന്ന നിലയിൽ ജയിലുകളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഇതെന്ന് അധികൃതർ പറഞ്ഞു.
മധ്യപ്രദേശിൽ 6,500 പേർ പുറത്തിറങ്ങി
മധ്യപ്രദേശിൽ 3,900 പേർക്ക് പരോൾ അനുവദിച്ചതായും 2,600 പേരെ കോടതി ഇടക്കാല ജാമ്യത്തിൽ വിട്ടയച്ചതായും സംസ്ഥാന ജയിൽ ഡി.ഐ.ജി സഞ്ജയ് പാണ്ഡെ പറഞ്ഞു. സംസ്ഥാനത്തെ 131 ജയിലുകളിലായി 28,500 തടവുകാരെ പാർപ്പിക്കാനുള്ള ശേഷിയാണുള്ളത്. എന്നാൽ, 6,500 തടവുകാരെ വിട്ടയച്ചതിനുശേഷവും 39,000 പേർ ഇപ്പോഴും ജയിലുകളിലുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഛത്തീസ്ഗഡിൽ 3,418 പേർ
മേയ് 11 വരെ 3,418 തടവുകാരെയാണ് ഛത്തീസ്ഗഡ് ജയിലിൽനിന്ന് ഇളവുലഭിച്ചത്. ഈ കാലയളവിൽ ശിക്ഷ പൂർത്തിയായ 100 തടവുകാരെയും വിട്ടയച്ചു.
33 ജയിലുകളിൽ നിന്ന് 1,269 തടവുകാരെ ഇടക്കാല ജാമ്യത്തിലും 1,844 പേരെ സാധാരണ ജാമ്യത്തിലും 305 പേരെ പരോളിലും വിട്ടയച്ചു. ഛത്തീസ്ഗഡ് ഹൈകോടതി ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രയുടെ നേതൃത്വത്തിൽ മൂന്നംഗ ഉന്നത സമിതിയാണ് ഇതിന് നേതൃത്വം നൽകിയത്.
അസം വിട്ടയച്ചത് 3,550 തടവുകാരെ
പൗരത്വം തെളിയിക്കാനാവാതെ ഡിറ്റൻഷൻ ക്യാമ്പിലുള്ള 300 പേർ ഉൾപ്പെടെ 3,550 തടവുകാരെ വിട്ടയച്ചതായി അസമിലെ മുതിർന്ന ജയിൽവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംസ്ഥാനത്തെ 31 ജയിലുകളിൽ നിലവിൽ ഉൾക്കൊള്ളാവുന്നതിനേക്കാൾ 8,510 തടവുകാർ അധികമുണ്ട്.
ആറ് തടങ്കൽപ്പാളയങ്ങളിലായി 479 പേരാണ് പൗരത്വ പ്രശ്നത്തിൽ തടവിൽ കഴിയുന്നത്. ഇതുകൂടാതെ ആറ് സെൻട്രൽ ജയിലുകൾ, 22 ജില്ല ജയിലുകൾ, ഒരു തുറന്ന ജയിൽ, ഒരു പ്രത്യേക ജയിൽ, ഒരു സബ് ജയിൽ എന്നിവയാണ് സംസ്ഥാനത്തുള്ളത്.
ഗുജറാത്തിൽ ഇളവനുദിച്ചത് 2,500 പേർക്ക്
കോവിഡ് പശ്ചാത്തലത്തിൽ ഗുജറാത്തിലെ 28 ജയിലുകളിൽനിന്നായി 2500 തടവുകാരെ വിട്ടയച്ചു. സംസ്ഥാനത്തെ വിവിധ ജയിലുകളിൽ 14,000 തടവുകാരുണ്ടെന്ന് എ.ഡി.ജി.പി കെ.എൽ.എൻ. റാവു പറഞ്ഞു.
ഈ തടവുകാരിൽ ആയിരത്തോളം പേരെ ഇടക്കാല ജാമ്യത്തിലും 800 പേരെ പരോളിലും 700 പേർക്ക് തൽക്കാല ജാമ്യത്തിലുമാണ് വിട്ടയച്ചത്.
ഗോവയിൽ 44 പേർക്ക് പരോൾ
നാല് സ്ത്രീകൾ ഉൾപ്പെടെ 44 തടവുകാർക്ക് ഗോവ സെൻട്രൽ ജയിൽ പരോൾ അനുവദിച്ചു. നോർത്ത് ഗോവ ജില്ലയിലെ കോൾവാലെയിലുള്ള സെൻട്രൽ ജയിലിൽ ആകെ 486 തടവുകാരാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.