തടവുകാർക്കും ഇനി ആധാർ; പ്രിസണർ ഇൻഡക്ഷൻ ഡോക്യുമെന്റ് അടിസ്ഥാനമാക്കിയാണ് അനുവദിക്കുന്നത്
text_fieldsന്യൂഡൽഹി: രാജ്യത്തെ മൂഴുവൻ തടവുകാരെയും ആധാറിൽ ചേർക്കാൻ നടപടിക്രമങ്ങൾ ലഘൂകരിക്കാൻ യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(UIDAI).പ്രിസണർ ഇൻഡക്ഷൻ ഡോക്യുമെന്റ്(PID) അടിസ്ഥാനമാക്കി ആധാർ അനുവദിക്കാനും പുതുക്കി നൽകുവാനുമാണ് തീരുമാനം. 2017 ൽ തടവുകാർക്കും ആധാർ നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിഷ്‍കർഷിച്ചിരുന്ന അവശ്യരേഖകളുടെ അഭാവം മൂലം സാധിച്ചിരുന്നില്ല.
ഇതെത്തുടർന്നാണ് പ്രിസൺ ഓഫിസറുടെ ഒപ്പും സീലുമുള്ള ഇ-പ്രിസൺ മൊഡ്യുളിലെ പ്രിസണർ ഇൻഡക്ഷൻ ഡോക്യുമെന്റ് അടിസ്ഥാനമാക്കി ആധാർ നൽകാൻ യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിക്കുകയായിരുന്നു.എല്ലാജയിലുകളിലും ഇതിനായി പ്രത്യേക ക്യാമ്പ് നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
പ്രതികളെ കോടതിയിൽ ഹാജരാക്കൽ, ജയിലിലേക്കുള്ള മടക്കം, ഗതാഗതം, ആരോഗ്യ സൗകര്യങ്ങൾ, ആശുപത്രിയിലേക്ക് മാറ്റൽ, സൗജന്യ നിയമസഹായം, പരോൾ , വിദ്യാഭ്യാസം,തൊഴിൽ പരിശീലനം, ജയിലുകളിൽ നിന്നുള്ള മോചനം തുടങ്ങിയവ സുഗമമാക്കാൻ ആധാർ അനുവദിക്കുന്നതിലൂടെ എളുപ്പമാകും എന്നാണ് വിലയിരുത്തൽ.
148 സെൻട്രൽ ജയിലുകൾ, 424 ജില്ലാ ജയിലുകൾ, 564 സബ് ജയിലുകൾ, 32 വനിതാ ജയിലുകൾ, 10 ബോർസ്റ്റൽ സ്കൂളുകൾ എന്നിവയുൾപ്പെടെ 1,319 ജയിലുകൾ രാജ്യത്തുണ്ടെന്നാണ് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.