തൊട്ടതെല്ലാം പൊന്നാക്കി പ്രിതിഷ് നന്ദി മടങ്ങി
text_fieldsമുംബൈ: കല, സാഹിത്യ, സിനിമ, ടെലിവിഷൻ, മാധ്യമ രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചാണ്, വിജയങ്ങൾകൊണ്ട് ആഘോഷമായിരുന്ന ജീവിതത്തിൽനിന്നും പ്രിതിഷ് നന്ദി വിടവാങ്ങിയത്. നേരത്തേ രാജ്യസഭ എം.പിയായിരുന്ന അദ്ദേഹം പ്രതിരോധമടക്കമുള്ള സുപ്രധാന സമിതികളിൽ അംഗവുമായിരുന്നു.
74ാം പിറന്നാളിന് ദിവസങ്ങൾ ബാക്കിനിൽക്കെ, ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച രാത്രി മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. സാഹിത്യരംഗത്തെ സംഭാവനകൾക്ക് 1977ൽ തന്റെ 27ാം വയസ്സിൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
1951 ജനുവരി 15ന് ബിഹാറിലെ ഭഗൽപുരിൽ ബംഗാളി കുടുംബത്തിലായിരുന്നു ജനനം. കൊൽക്കത്തയിലായിരുന്നു വിദ്യാഭ്യാസം. 17ാം വയസ്സിലാണ് ആദ്യ ഇംഗ്ലീഷ് കവിതാസമാഹാരം ‘പോയംസ് ഓഫ് ഗോഡ്സ് ആൻഡ് ഓലീവ്സ്’ പുറത്തിറങ്ങിയത്. ഇതടക്കം 40ഓളം കവിതാ സമാഹാരങ്ങളുണ്ട്. ബംഗാളി, ഉർദു, പഞ്ചാബി കവിതകള് ഇംഗ്ലീഷിലേക്ക് വിവര്ത്തനംചെയ്തിട്ടുണ്ട്.
1982ലാണ് മാധ്യമരംഗത്ത് എത്തിയത്. ഒമ്പത് വർഷത്തോളം ടൈംസ് ഓഫ് ഇന്ത്യയുടെ പബ്ലിഷിങ് ഡയറക്ടറും ഇലസ്ട്രേറ്റഡ് വീക്ക്ലിയുടെ എഡിറ്ററുമായിരുന്നു. പിന്നീട് ദി ഇൻഡിപെൻഡന്റ്, ഫിലിംഫെയർ, ഫെമിന, ധർമ്യുഗ് തുടങ്ങിയവയുടെ പത്രാധിപരായി. 1993ൽ പ്രിതിഷ് നന്ദി കമ്യൂണിക്കേഷൻസ് എന്ന പേരിൽ കമ്പനി സ്ഥാപിച്ചാണ് സിനിമ, ചാനൽ മേഖലയിലേക്ക് കടക്കുന്നത്.
ജങ്കാർ ബീറ്റ്സ്, ചമേലി, എക് ഖിലാഡി എക് ഹസീന, അങ്കാഹീ, പ്യാർ കെ സൈഡ് ഇഫക്ട്സ്, ബോ ബാരക്ക്സ് ഫോറെവർ തുടങ്ങി 24ഓളം ബോളിവുഡ് സിനിമകൾ നിർമിച്ചു. ദൂരദർശനിലെ പ്രിതിഷ് നന്ദി ഷോയും ശ്രദ്ധേയമായിരുന്നു. മൃഗസംരക്ഷണത്തിനായുള്ള ഇന്ത്യയിലെ ആദ്യ സന്നദ്ധസംഘടനയായ ‘പീപ്പിൾ ഫോർ ആനിമൽ’ മേനക ഗാന്ധിയുമായി ചേർന്ന് സ്ഥാപിച്ചത് അദ്ദേഹമാണ്. 1998-2004 കാലയളവിൽ ശിവസേന ടിക്കറ്റിലാണ് രാജ്യസഭാംഗമായത്.
ഭാര്യ: റീന നന്ദി. മക്കൾ: രങ്കിത പ്രിതിഷ് നന്ദി, ഇഷിത പ്രിതിഷ് നന്ദി (സിനിമ നിർമാതാക്കൾ), കുശാൻ നന്ദി (സിനിമ നിർമാതാവും സംവിധായകനും). ആഷിഷ് നന്ദി, മനീഷ് നന്ദി എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.