സ്വകാര്യത മൗലികാവകാശം: വിധി സ്വാഗതംചെയ്ത് നിയമവിദഗ്ധർ
text_fieldsന്യൂഡൽഹി: സ്വകാര്യത മൗലികാവകാശമാക്കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ സുപ്രധാന വിധിയെ സ്വാഗതംചെയ്ത് നിയമജ്ഞരും മുതിർന്ന അഭിഭാഷകരും. വ്യാഴാഴ്ച സുപ്രീംകോടതിയിൽനിന്നുണ്ടായ വിധി പുരോഗമനപരമാണെന്ന് നിയമജ്ഞർ വിലയിരുത്തി. സുപ്രീംകോടതിയുടെ മുൻ വിധികളെ മറികടക്കാൻ മടിച്ചുനിൽക്കാതെ ഒമ്പത് ജഡ്ജിമാരുടെ ഐകകണ്ഠ്യേനയുള്ള വിധി കോടതിയുടെ നല്ല സമീപനമാണെന്ന് മുൻ അറ്റോണി ജനറൽ സോളി സൊറാബ്ജി പറഞ്ഞു. വിധി ആഘോഷിക്കപ്പെടേണ്ടതാണെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് അഭിപ്രായപ്പെട്ടു. സ്വകാര്യത മൗലികമാണ്. അതിന് ദൈനംദിന ജീവിതത്തിൽ വലിയ സ്വാധീനമുണ്ട്. എല്ലാതരത്തിലുള്ള അനാവശ്യ ഇടപെടലുകളെയും അത് തടയുമെന്നും -അവർ പറഞ്ഞു.
ചരിത്രപരമായ വിധിയാണിതെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു. സ്വകാര്യത മൗലികാവകാശമല്ല എന്ന കേന്ദ്ര സർക്കാറിെൻറ വാദത്തിനെതിരായ വിധിയാണിത്. ഇനി മൗലികാവകാശം നിയന്ത്രിക്കാൻ സര്ക്കാര് കൊണ്ടുവരുന്ന ഏത് നിയമവും ഭരണഘടനയുടെ 21ാം വകുപ്പിനെ ആധാരമാക്കി കോടതിക്ക് പരിശോധിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. തെൻറ ശരീരത്തിേൻറയും മനസ്സിേൻറയും ഉടമ താൻതന്നെയാണെന്ന പൗരെൻറ അവകാശത്തെ ഉയർത്തിപ്പിടിക്കുന്ന വിധിയാണിതെന്ന് മുതിർന്ന അഭിഭാഷകൻ കെ.ടി.എസ്. തുളസി. നല്ല വിധിയാണെന്നും സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്നും -ബി.ജെ.പി വക്താവും മുതിർന്ന അഭിഭാഷകനുമായ അമൻ സിൻഹ. മറ്റെല്ലാ മൗലികാവകാശങ്ങളെയുംപോലെ ഇതും ചില നിബന്ധനകൾക്ക് വിധേയമാെണന്നും സിൻഹ പറഞ്ഞു.
പുതുയുഗത്തിെൻറ തുടക്കം –സോണിയ
ന്യൂഡൽഹി: രാജ്യത്തെ പൗരന്മാരുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്ന വിധിയെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സ്വാഗതംചെയ്തു. വ്യക്തികളുടെ അവകാശത്തിെൻറ കാര്യത്തിൽ ഇത് പുതുയുഗത്തിെൻറ തുടക്കമാണ്. രാഷ്ട്രവും വിവിധ സർക്കാർ ഏജൻസികളും സാധാരണക്കാരെൻറ ജീവിതത്തിനുമേൽ നടത്തുന്ന അനിയന്ത്രിതമായ കടന്നുകയറ്റത്തിനും നിരീക്ഷണത്തിനും കനത്ത തിരിച്ചടിയാണിത്. അവകാശ സംരക്ഷണത്തിനുവേണ്ടിയും അതിനെ ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാറിെൻറ ധിക്കാരപരമായ ശ്രമത്തിനെതിരെയും കോൺഗ്രസ് മറ്റു പ്രതിപക്ഷ പാർട്ടികൾക്കൊപ്പം പാർലമെൻറിലും പുറത്തും ശക്തമായി നിലകൊണ്ടിട്ടുണ്ട്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും ഇതേ നിലപാട് സ്വീകരിച്ചു -സോണിയ പ്രസ്താവനയിൽ പറഞ്ഞു.
സ്വകാര്യ വിവര ദുരുപയോഗം തടയുന്ന വിധി –സി.പി.എം
ന്യൂഡൽഹി: സ്വകാര്യത മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ച സുപ്രീംകോടതി വിധി സി.പി.എം പോളിറ്റ്ബ്യൂറോ സ്വാഗതംചെയ്തു. കോടതിവിധി സ്വകാര്യവിവരങ്ങൾ ദുരുപയോഗപ്പെടുത്തുന്നത് തടയുമെന്നാണ് പ്രതീക്ഷ. വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള നുഴഞ്ഞുകയറ്റം തടയാൻ വിധി വഴിയൊരുക്കും -പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.
നിയമനിർമാണം ഇല്ലാതെ ആധാർ; യു.പി.എയെ കുറ്റപ്പെടുത്തി ജെയ്റ്റ്ലി
ന്യൂഡൽഹി: നിയമനിർമാണം ഇല്ലാത ആധാർ കാർഡ് കൊണ്ടുവന്നതിന് മുൻ യു.പി.എ സർക്കാറിനെ കുറ്റപ്പെടുത്തി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. പ്രത്യേക നിയമമോ സംരക്ഷണ സംവിധാനങ്ങളോ ഇല്ലാതെയാണ് ബയോമെട്രിക് തിരിച്ചറിയൽ കാർഡിന് തുടക്കമിട്ടത്. സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധി പറഞ്ഞ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. വിധിയെ പൂർണമായും മാനിച്ചുതന്നെ ബി.ജ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സർക്കാർ ബയോമെട്രിക് തിരിച്ചറിയൽ കാർഡിനുള്ള നിയമം ചിട്ടപ്പെടുത്തുമെന്ന് ജെയ്റ്റ്ലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.