മുസ്ലിംകൾക്ക് ചികിത്സ നൽകരുതെന്ന ജീവനക്കാരുടെ വാട്സാപ്പ് സന്ദേശം ചോർന്നു; ആശുപത്രിക്കെതിരെ കേസ്
text_fieldsജയ്പൂർ: സ്വകാര്യ ആശുപത്രിയിൽ മുസ്ലിംകളായ രോഗികൾക്ക് ചികിത്സ നൽകരുതെന്ന് ആവശ്യപ്പെടുന്ന ഡോക്ടർമാരടക്കമുള്ള ജീവനക്കാരുടെ വാട്സ്ആപ് ഗ്രൂപ്പിലെ സന്ദേശങ്ങൾ ചോർന്നു. രാജസ്ഥാനിലെ ചുരു ജില്ലയിലെ സർദാർശഹർ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ശ്രീചന്ദസ് ഭാരതീയ രോഗ് നിധാൻ കേന്ദ്രയെന്ന സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരുടെ മുസ്‍ലിം വിരുദ്ധ സന്ദേശങ്ങളാണ് ഞായറാഴ്ച വ്യാപകമായി പ്രചരിച്ചത്. മുസ്‍ലിം പരിഷത്ത് സൻസ്ഥാൻ ജില്ല പ്രസിഡൻറ് മഖ്ബൂൽ ഖാൻ വിവരം പൊലീസിനെ ധരിപ്പിച്ചതോടെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
‘നാളെ മുതല്‍ മുസ്‍ലിം രോഗികളുടെ എക്സ് റേ ഞാന്‍ എടുക്കില്ല, ഇതെന്‍റെ പ്രതിജ്ഞയാണ്’-ഒരു മുസ്‍ലിം വിരുദ്ധ സന്ദേശം ഇങ്ങനെയായിരുന്നു. ‘ഹിന്ദുക്കള്‍ കോവിഡ് പോസിറ്റീവ് ആയി വരുേമ്പാൾ, മുസ്‍ലിം ഡോക്ടര്‍മാർ ആണുള്ളതെങ്കിൽ അവരെ പരിശോധിക്കാറില്ല. അതുകൊണ്ട് ഞാനും ഒ.പിയിൽ മുസ്ലിംകളെ പരിശോധിക്കില്ല. മാഡം ഇവിടെയില്ലെന്ന് പറഞ്ഞേക്കൂ’- മറ്റൊരു ഡോക്ടർ തെൻറ നിലപാട് പറഞ്ഞു. ‘നമുക്കെല്ലാവര്‍ക്കും മുസ്‍ലിം രോഗികളെ ചികിത്സിക്കാതിരിക്കാം’ -മറ്റൊരാൾ ആഹ്വാനം ചെയ്തു.
മുസ്ലിംകളെ മുസ്‍ലിം ഡോക്ടർമാർ തന്നെ പരിശോധിക്കണമെന്നാണ് ഗ്രൂപ്പിൽ നിന്നുള്ള ഒരുപ്രധാന നിർദേശം. ചാറ്റ് പുറത്തായി വിവാദമായതോടെ ആശുപത്രി ഉടമ സുനിൽ ചൗധരി ഫേസ്ബുക്കിലൂടെ മാപ്പു പറഞ്ഞു. ചൗധരിയുടെ ഡോക്ടറായ ഭാര്യ ചാറ്റിൽ പങ്കാളിയാണെന്നാണ് വിവരം.
എനിക്കോ എെൻറ കീഴിലുള്ള ജീവനക്കാർക്കോ ഏതെങ്കിലും മതവിശ്വാസികളുടെ വികാരത്തെ വ്രണപ്പടുത്താൻ താൽപര്യമില്ലെന്നും സംഭവത്തിൽ ആശുപത്രി ജീവനക്കാരും താനും നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും അേദ്ദഹം പറഞ്ഞു. തബ്ലീഗ് ജമാഅത്ത് പ്രവർത്തകർ രാജ്യത്ത് കോവിഡ് പരത്തിയെന്ന് ആരോപണങ്ങൾ പടർന്നുപിടിച്ച ഏപ്രിൽ മധ്യത്തിൽ അയച്ചതാണ് സന്ദേശങ്ങളെന്ന് ചൗധരി അവകാശപ്പെട്ടു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ പരിശോധിച്ചതില്‍ നിന്നും ലോക്ക് ഡൗണ്‍ സമയത്താണ് ചര്‍ച്ച നടന്നതെന്ന് വ്യക്തമായതായി സര്‍ദ്ദാര്‍പൂര്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ രമേശ് പന്നു അറിയിച്ചു. മതസ്പർധ വളർത്താൻ ശ്രമിക്കുകയും സൗഹാർദ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് കാണിച്ച് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.