സ്വകാര്യ ട്രെയിൻ സർവിസ് 2023 ഏപ്രിലോടെയെന്ന് റെയിൽവേ ബോർഡ് ചെയർമാൻ
text_fieldsന്യൂഡൽഹി: രാജ്യത്ത് സ്വകാര്യ ട്രെയിനുകൾ 2023 ഏപ്രിലോടെ ഓടിത്തുടങ്ങും. വിമാന നിരക്കുകളുമായി മത്സരിക്കുന്ന വിധമായിരിക്കും ഈ ട്രെയിനുകളിൽ ചാർജെന്നും റെയിൽവേ.
കൂടുതൽ വേഗത, മെച്ചപ്പെട്ട കോച്ചുകൾ, പുതിയ സാങ്കേതിക വിദ്യ എന്നിവയുടെ കാര്യത്തിൽ സ്വകാര്യ യാത്രാ വണ്ടികൾ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ യാദവ് വിഡിയോ കോൺഫറൻസിൽ വാർത്തലേഖകരോട് വിശദീകരിച്ചു. രാജ്യത്ത് 109 റൂട്ടുകളിൽ സ്വകാര്യ ട്രെയിൻ ഓടിക്കാൻ റെയിൽവേ താൽപര്യപത്രം ക്ഷണിച്ചതിനു തൊട്ടുപിന്നാലെയാണ് റെയിൽവേ ബോർഡ് ചെയർമാെൻറ വിശദീകരണം.
റെയിൽവേ ശൃംഖല സ്വകാര്യമേഖലയുടെ കൈകളിലേക്ക് പോകുമെന്ന ആശങ്ക ചെയർമാൻ തള്ളി. ഇന്ത്യൻ റെയിൽവേ ഇപ്പോൾ 2800 മെയിൽ, എക്സ്പ്രസ് ട്രെയിൻ സർവിസുകൾ നടത്തുന്നുണ്ട്. ഇതിൽ അഞ്ചു ശതമാനം മാത്രമാണ് സ്വകാര്യമേഖലക്ക് പോവുക.
സ്വകാര്യ പങ്കാളികൾ ട്രെയിൻ സ്വന്തമായി വാങ്ങുകയും പരിപാലിക്കുകയും വേണം. റെയിൽവേയുടെ കോച്ചുകൾ നൽകുകയല്ല ചെയ്യുന്നത്. ‘ഇന്ത്യയിൽ നിർമിക്കാ’മെന്ന പദ്ധതി പ്രകാരമാണ് കോച്ച് നിർമാണം. 40,000 കിലോമീറ്റർ ഒരു കോച്ച് ഓടിക്കഴിയുേമ്പാഴാണ് ഇപ്പോൾ അറ്റകുറ്റപ്പണി നടത്തുന്നത്. സ്വകാര്യ ട്രെയിനുകളുടെ കാര്യത്തിൽ ഇത് 4,000 ആയി ചുരുങ്ങും.
മാസത്തിൽ ഒേന്നാ രണ്ടോ തവണ അറ്റകുറ്റപ്പണി നടക്കുമെന്നർഥം. ആവശ്യാനുസരണം ട്രെയിനുകൾ കിട്ടുന്ന സ്ഥിതിയാണ് സ്വകാര്യമേഖലയെ പങ്കാളിയാക്കുേമ്പാൾ ഉണ്ടാകുന്നതെന്ന് ചെയർമാൻ വിശദീകരിച്ചു. വെയ്റ്റിങ് ലിസ്റ്റിെൻറ നീളം കുറയും. പാളം, സ്റ്റേഷനുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, വൈദ്യുതി എന്നിവയുടെ ഉപയോഗത്തിന് സ്വകാര്യ കമ്പനി റെയിൽവേക്ക് പണം നൽകേണ്ടതുണ്ട്. വരുമാനത്തിൽ ഒരു പങ്കും റെയിൽവേക്ക് നൽകേണ്ടിവരും.
ട്രെയിൻ സർവിസ് നടത്താനുള്ള അനുമതി ലേലം ചെയ്തു നൽകുന്നതു വഴിയാണിത്. സ്വകാര്യ ട്രെയിനുകൾ സമയക്ലിപ്തത ഉറപ്പു വരുത്തണം. ലക്ഷം കിലോമീറ്റർ യാത്രക്കിടയിൽ ഒരു തവണയിൽ കൂടുതൽ പിഴവുപറ്റാൻ പാടില്ല. ഉപയോഗിക്കുന്ന വൈദ്യുതി എത്രയെന്ന് കണക്കാക്കി ചാർജ് ഈടാക്കാൻ പാകത്തിൽ ഓരോ എൻജിനിലും മീറ്റർ ഘടിപ്പിക്കും. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം മെച്ചപ്പെട്ട ട്രെയിൻ, സാങ്കേതിക വിദ്യ, കുറഞ്ഞ ചെലവ് എന്നിവയാണ് നേട്ടം. 95 ശതമാനം ട്രെയിനുകളും ഇന്ത്യൻ റെയിൽവേ തന്നെ തുടർന്നും നടത്തുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ പറഞ്ഞു.
അതേസമയം, സ്വകാര്യ ട്രെയിനുകൾ ഓടിക്കാൻ അനുവദിക്കുന്ന റെയിൽവേ പാവപ്പെട്ടവരുടെ ജീവനാഡിയാണ് പിടിച്ചുപറിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പാവപ്പെട്ടവർ യാത്രക്ക് ഏറ്റവുമധികം ആശ്രയിക്കുന്നത് റെയിൽവേയാണ്. ‘‘അതും നിങ്ങൾ ഇഷ്ടം പോലെ തട്ടിയെടുത്തോളൂ, പക്ഷേ, ഒന്നോർത്തോ, രാജ്യത്തെ ജനം ഇതിന് തക്ക മറുപടി നൽകും’’ -രാഹുൽ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.