ബഹിരാകാശരംഗത്തും സ്വകാര്യവത്കരണം; എസ്.എസ്.എൽ.വി സ്വകാര്യമേഖലക്ക്
text_fieldsന്യൂഡൽഹി: രാജ്യത്ത് ബഹിരാകാശ മേഖലയിലും സ്വകാര്യവത്കരണം വരുന്നു. സ്വന്തമായി നിർമിച്ച ‘സ്മോൾ സാറ്റ് ലൈറ്റ് വെഹിക്കിൾ (എസ്.എസ്.എൽ.വി) സ്വകാര്യമേഖലക്ക് വിട്ടുനൽകുമെന്ന് ഐ.എസ്.ആർ.ഒ വ്യക്തമാക്കി. 500 കിലോയിൽ താഴെ ഭാരമുള്ള ലഘുപേടകങ്ങൾ ഭൂമിയോടടുത്ത ഭ്രമണപഥത്തിൽ വിക്ഷേപിക്കാൻ ഉപയോഗിക്കുന്ന മിനി റോക്കറ്റാണിത്.
സ്വകാര്യമേഖലക്ക് കൈമാറാനുള്ള നടപടികൾ ആരംഭിച്ചതായി മുതിർന്ന ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥൻ അറിയിച്ചു. ‘പൂർണമായി സ്വകാര്യമേഖലക്ക് വിട്ടുനൽകും. നിർമാണം മാത്രമല്ല, പൂർണാർഥത്തിലുള്ള കൈമാറ്റമാകും’’- സാങ്കേതികതകൂടി വിട്ടുനൽകുമെന്ന സൂചന നൽകി ഉദ്യോഗസ്ഥൻ പറഞ്ഞു.
ആഗസ്റ്റിൽ നടന്ന എസ്.എസ്.എൽ.വി കന്നിയാത്ര പരാജയമായിരുന്നു. രണ്ടാംഘട്ട വേർപെടലിന്റെ സമയത്ത് എക്യുപ്മെന്റ് ബെ ഡെക്കിൽ സംഭവിച്ച പ്രശ്നങ്ങളായിരുന്നു കാരണം.
കഴിഞ്ഞ വർഷം അഞ്ച് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളു(പി.എസ്.എൽ.വി)കളുടെ നിർമാണ കരാർ ഹിന്ദുസ്ഥാൻ ഏറനോട്ടിക്സ്- ലാർസൺ ആന്റ് ടബ്രോ കൺസോർട്യത്തിന് കൈമാറിയിരുന്നു. 54 വിജയകരമായ വിക്ഷേപണങ്ങളുടെ ചരിത്രമുള്ളതാണ് പി.എസ്.എൽ.വി. ഐ.എസ്.ആർ.ഒ നിർമിച്ച ആറാമത്തെ ബഹിരാകാശ വാഹനമാണ് എസ്.എസ്.എൽ.വി. 10 കിലോ മുതൽ 100 കിലോ വരെ തൂക്കമുള്ള കൃത്രിമ ഉപഗ്രഹങ്ങളാണ് ഇവ ബഹിരാകാശത്ത് എത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.