ടി.ആർ.പി അഴിമതി കേസ്: റിപബ്ലിക് ടി.വിയുടെ സി.ഒ.ഒ പ്രിയ മുഖർജിക്ക് ട്രാൻസിറ്റ് ജാമ്യം
text_fieldsബംഗളൂരു: ടി.ആർ.പി അഴിമതിക്കേസിൽ റിപബ്ലിക് ടി.വി ചീഫ് ഒാപറേറ്റിങ് ഒാഫിസർ (സി.ഒ.ഒ) പ്രിയ മുഖർജിക്ക് കർണാടക ഹൈേകാടതി ട്രാൻസിറ്റ് ജാമ്യം അനുവദിച്ചു. മുംബൈ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബംഗളൂരുവിൽവെച്ച് ഇവരെ ചോദ്യം ചെയ്യാനിരിക്കെയാണ് ജാമ്യം. 20 ദിവസത്തേക്ക് ജാമ്യം അനുവദിച്ച ഹൈകോടതി ജഡ്ജി എച്ച്.പി. സന്ദേശ്, മറ്റ് ഇളവുകൾക്കായി മുംബൈ ൈഹകോടതിയെ സമീപിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കി. നേരത്തെ രണ്ടു തവണ പ്രിയ മുഖർജി മുംബൈ പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഇതിനിടെ റിപബ്ലിക് ടി.വി ഉടമകളായ എ.ആർ.ജി ഒൗട്ട്ലെയർ അസി. വൈസ് പ്രസിഡൻറ് ഘനശ്യാം സിങ്ങിനെ ചോദ്യം ചെയ്തതിൽനിന്ന് പ്രിയ മുഖർജിക്കെതിരായ മൊഴി അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇരുവരും തമ്മിലുള്ള മൊബൈൽ ചാറ്റ് വിവരങ്ങൾ പ്രിയ ഡിലീറ്റ് ചെയ്തതായാണ് വിവരം. ഇതുസംബന്ധിച്ച് ഇവരെ വീണ്ടും ചോദ്യം ചെയ്യാനായിരുന്നു മുംബൈ പൊലീസിെൻറ തീരുമാനം.
കുടുംബാംഗങ്ങളെ കാണാൻ കർണാടകയിലെത്തിയ പ്രിയയോട് ബംഗളൂരുവിലെ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ സമൻസ് നൽകി. ഇതോടെ ഹരജിക്കാരി ട്രാൻസിറ്റ് ജാമ്യത്തിനായി കർണാടക ൈഹകോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്ന് കോടതിയെ അറിയിച്ച പ്രിയ മുഖർജി, മുംബൈ പൊലീസ് കമീഷണറുടെ മാധ്യമ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ തെറ്റായാണ് റിപബ്ലിക് ടി.വി ജീവനക്കാരെ കേസിലുൾപ്പെടുത്തിയിരിക്കുന്നതെന്ന് വാദിച്ചു.
എന്നാൽ, ഹരജിക്കാരിക്ക് ജാമ്യം അനുവദിക്കരുതെന്ന് വാദിച്ച പ്രോസിക്യൂഷൻ ബോംബെ ഹൈകോടതിയിൽ സമർപ്പിച്ച റിട്ട് ഹരജി അതേപടി പകർത്തിയാണ് കർണാടക ഹൈകോടതിയിലും സമർപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി. പ്രിയ മുഖർജി ചാറ്റ് വിവരങ്ങൾ ഡിലീറ്റ് ചെയ്തത് ദുരൂഹമാണെന്ന് പ്രോസിക്യൂഷൻ ഉന്നയിച്ചപ്പോൾ താൻ എല്ലാ ജീവനക്കാരുമായും ചാറ്റ് ചെയ്യാറുണ്ടെന്നും എന്നാൽ, അവ ഡിലീറ്റ് ചെയ്യുന്ന സ്വഭാവം തനിക്കുണ്ടെന്നുമായിരുന്നു അവരുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.